6 ദിവസത്തെ നടപടികൾക്കൊടുവിലാണ് ഇന്ത്യൻ സേനയും ചൈനീസ് സേനയും പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ നിര്‍മാണ പ്രവർത്തനങ്ങള്‍ അടക്കം ഇരു സൈന്യങ്ങളും പൊളിച്ചു നീക്കി
ലഡാക്ക്: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട് സ്പ്രിംങ്‌സ് മേഖലയിലെ സൈനിക പിന്‍മാറ്റം പൂർത്തിയായി. 6 ദിവസത്തെ നടപടികൾക്കൊടുവിലാണ് ഇന്ത്യൻ സേനയും ചൈനീസ് സേനയും പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ നിര്‍മാണ പ്രവർത്തനങ്ങള്‍ അടക്കം ഇരു സൈന്യങ്ങളും പൊളിച്ചു നീക്കി. പതിനാറ് തവണ നടത്തിയ കമാൻഡർ തല ചർച്ചക്കൊടുവിലാണ് ഇരു രാജ്യങ്ങളും സൈനിക പിൻമാറ്റ ധാരണയിലെത്തിയത്. അതേസമയം മറ്റു മേഖലകളിലെ പിൻമാറ്റത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ച തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായി കോർപ്പറേഷന്‍ ഓർഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലേക്ക് പോകാനിരിക്കെയാണ് സൈനിക പിൻമാറ്റം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
നേരത്തെ, ഗോഗ്ര ഹോട് സ്പ്രിംങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിൻമാറ്റം സാവധാനത്തിൽ, വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നായിരുന്നു ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗത്തിന് പിന്നാലെയാണ് പിന്മാറ്റം തുടങ്ങിയത്. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങുകയായിരുന്നു. നേരത്തെ, ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു.
