ഒമിക്രോണിൻറെ വ്യാപനം കൊവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് 16764-ലെത്തി . 71 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കേരളത്തിലും ആകെ ഒമിക്രോൺ കേസുകൾ 100 കടന്നു.

ഒമിക്രോൺ മൂന്നാം തംര​ഗത്തിന് വഴി തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ നാളെയും മറ്റന്നാളും ഊർജ്ജിത വാക്സിനേഷൻ നടത്താനാണ് തീരുമാനം. പ്രതിദിന കൊവിഡ് കേസുകളിൽ 27 ശതമാനം വർധനയാണ് ഇന്നുണ്ടായത്. പുതുവത്സരരാത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പ്രധാന ന​ഗരങ്ങളിലെല്ലാം കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് വാക്സിനേഷൻ 145 കോടി ഡോസ് പിന്നിട്ടതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420 ും ദില്ലിയിൽ 320 ും രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഒമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 

ഒമിക്രോണിൻറെ വ്യാപനം കൊവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് 16764-ലെത്തി . 71 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്. തിങ്കളാഴ്ച്ച് 6242 കേസുകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് കണക്കെത്തി. ദില്ലിയിൽ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ആയിരം കടന്നത്. ഒമിക്രോൺ ഭീഷണിയുള്ളതിനാൽ പുതുവത്സര ആഘോഷങ്ങൾക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതൽ 5 വരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. 

ഇതിനിടെ വാക്സിനേഷൻ 145 കോടി ഡോസ് പിന്നിട്ടതിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ശാസ്ത്രജ്ഞർക്കും കേന്ദ്ര ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു. നാളെ മുതൽ കൗമാരക്കാർക്ക് വാക്സീനേഷന് ഓൺലൈനായി രെജിസ്റ്റർ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി ഏത് വാക്സീൻ നൽകണമെന്നതിൽ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കേസുകൾ ഇന്നുണ്ടായതോടെ മൊത്തം കേസുകൾ ഒറ്റയടിക്ക് 107 ആയി. കാസർഗോഡും വയനാടും ഒഴികെ മുഴുവൻ ജില്ലകളും ഒമിക്രോൺ ബാധിതമാണ്. വിദേശയാത്രാ പശ്ചാത്തലമില്ലാത്തവരിലും ഒമിക്രോൺ കണ്ടെത്തിയത് സമൂഹവ്യാപനമെന്ന ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേസുകൾ കൂടിയാൽ സാഹചര്യം നോക്കി കൂടുതൽ നിയന്ത്രണങ്ങൾക്കാണ് സർക്കാരിൻ്റെ ആലോചന.

ഹൈറിസ്കെന്നോ ലോ റിസ്കെന്നോ വ്യത്യാസമില്ലാതെ, വിദേശത്ത് നിന്നെത്തുന്നവരിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയാണ്. ഒറ്റയടിക്ക് കേസുകൾ കൂടുകയുമാണ്. ഇന്നത്തെ 44 കേസുകളിൽ 12ഉം എറണാകുളത്താണ്. കൊല്ലത്ത് പത്തും തിരുവനന്തപുരത്ത് 8ഉം. ഇതുവരെ മൊത്തം 107 കേസുകളിൽ 52ഉം ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നത് കൂടുതൽ വ്യാപന സാധ്യതയുണ്ടാക്കുന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. കണ്ണൂർ സ്വദേശിയടക്കം 2 പേരെ കണ്ടെത്തിയത് സെന്റിനൽ സർവ്വൈലൻസിലൂടെയാണ്. അതായത് ഒരു വിദേശയാത്രാ സമ്പർക്ക പശ്ചാത്തലവുമില്ലാതിരുന്നിട്ടും ഒമിക്രോൺ പോസിറ്റീവ്. സമൂഹവ്യാപനം സംഭവിച്ചോ എന്ന ആശങ്കയിലാണ് ആരോ​ഗ്യവകുപ്പ്. 

യു.എ.ഇയിൽ നിന്നുള്ളവരിലാണ് ഏറ്റവുമധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 കേസുകൾ. കാസർഗോഡ്, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളും ഒമിക്രോൺ ബാധിതമായി. ആശങ്ക നേരിടാൻ രണ്ട് ദിവസത്തെ ഊർജ്ജിത വാക്സിനേഷനും, കുട്ടികളിലെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനുമാണ് സർക്കാർ ശ്രമം. കേസുകൾ കൂടുന്നത് നോക്കിയാകും കൂടുതൽ നിയന്ത്രണങ്ങളാലോചിക്കുക.

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,962 സാന്പിളുകളാണ് പരിശോധിച്ചത്. 11 മരണം ഇന്ന് സ്ഥിരീകരിച്ചു. പഴയ 342 മരണവും പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 47,794 ആയി.