ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർക്കിടയിലുണ്ടായ സംഘർഷത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു. രാത്രിയുടെ മറവിൽ സായുധരായ നാൽപ്പതോളം ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് അടുത്തെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

കുന്തം, വടിവാൾ തുടങ്ങിയ ആയുധങ്ങളുമായാണ് ചൈനീസ് സൈനികർ എത്തിയത്. കിഴക്കൻ ലഡാക്കിലെ സൈനികനീക്കമെന്ന പേരിൽ നിരവധി ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നിയന്ത്രണരേഖയിൽ ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വെടിവെപ്പുണ്ടായെന്നും ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. 

അതേസമയം അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അതിർത്തിയിലെ സാഹചര്യം വിലയിരുത്തി. കരസേന മേധാവി നേരിട്ട് സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയും ഇന്ന് വൈകിട്ട് സാഹചര്യം വിലയിരുത്താനായി യോഗം ചേരുന്നുണ്ട്. 

നാൽപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പുണ്ടാവുന്നത്. റഷ്യയിലേക്ക് പോയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യാഴാഴ്ച ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഈ യോഗത്തിലെങ്കിലും അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള തീരുമാനമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.