ദില്ലി: ലഡാക്കിൽ ഇന്ത്യാ - ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു. കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേനാ ഉദ്യോ​ഗസ്ഥനും രണ്ട് സൈനികരുമാണ് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത്.   പ്രശ്നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

ഇരുവശത്തും സൈനികർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വെടിവയ്പ് ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന ഔദ്യോ​ഗിക വിശദീകരണം. ഇന്ത്യ - ചൈന അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വിലയിരുത്തൽ. 

1975-ന് ശേഷം ആദ്യമായാണ് ഇന്ത്യ - ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതും സൈനീകര്‍ മരിക്കുന്നതും. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.  ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആരോപണം. അനാവശ്യപ്രസ്താവനകൾ നടത്തി ഇന്ത്യ പ്രശ്നം വഷളാക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു.