ദില്ലി: യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യക്കും ചൈനക്കും ഇടയിലെ അവശേഷിക്കുന്ന തര്‍ക്കങ്ങളിൽ ഉടൻ സമവായം ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തര്‍ക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പതിനൊന്നാമത് കമാണ്ടര്‍തല ചര്‍ച്ചയിൽ തീരുമാനമായി. 

രണ്ടാംഘട്ട സൈനിക പിന്മാറ്റം ചര്‍ച്ച ചെയ്യാനായി ചുഷൂലിൽ ചേര്‍ന്ന യോഗത്തിലാണ് പുരോഗതി. പാംഗോഗ് താഴ്വരയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിൽ രണ്ടാംഘട്ടത്തിൽ ദക്ഷിണ ലഡാക്കിലെ ഗോഗ്ര, ഹോട്സ്പ്രിം, ദേപ്സാംഗ് മേഖലകളിൽ നിന്ന് ചൈനീസ് പട്ടാളം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തിൽ തുടര്‍ ചര്‍ച്ചകൾ നടക്കും. ലെഫ്. ജനറൽ പിജികെ മേനോന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ സംഘം രണ്ടാംഘട്ട സൈനിക പിന്മാറ്റത്തിനുള്ള ചര്‍ച്ചയിൽ പങ്കെടുത്തത്. ഇന്നലെ രാവിലെ പത്തര മണിക്ക് തുടങ്ങി 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ നടത്തിയത്.