വോട്ട് ചോരിയിൽ ചർച്ചയ്ക്ക് അമിത് ഷായെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. പാർലമെന്‍റിൽ അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ടായിരുന്നു രാഹുലിന്‍റെ വെല്ലുവിളി. ഇതോടെ കുപിതനായ അമിത് ഷാ വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസെന്ന് തിരിച്ചടിച്ചു.
ദില്ലി: വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതികൊടുത്ത് പ്രസംഗം തയ്യാറാക്കുന്നവര്‍ രാഹുല്‍ ഗാന്ധിയെ അപമാനിതനാക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. ഇതോടെ വോട്ട് ചോരിയിൽ ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. പാർലമെന്‍റിൽ അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ടായിരുന്നു രാഹുലിന്‍റെ വെല്ലുവിളി. ഇതോടെ, കുപിതനായ അമിത് ഷാ വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്ന് തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷ വാക്ക് പോരിനൊടുവിൽ സഭയിൽ ബഹളമുണ്ടായി. അമിത്ഷായെ പുറത്ത് സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. പ്രതിപക്ഷം ഇറങ്ങിപോയതോടെ ധൈര്യമില്ലാതെ ഒളിച്ചോടുകയാണെന്ന് അമിത് ഷാ പരിഹസിച്ചു. വോട്ട് ചോരി ആരോപണം ആവര്‍ത്തിച്ചുകൊണ്ടിയിരിക്കുവെന്നും ബംഗാളിലും തമിഴ്നാട്ടിലും കൂടി കടന്ന് ചെല്ലുമെന്നും പറഞ്ഞാണ് അമിത് ഷാ മറുപടി അവസാനിപ്പിച്ചത്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നെന്ന് പറഞ്ഞാണ് അമിത് ഷാ ലോക്സഭയില്‍ പ്രസംഗം ആരംഭിച്ചത്. വസ്തുതകൾ ജനങ്ങൾ അറിയണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്‍റെ ഇംഗിതത്തിനല്ല പ്രവർത്തിക്കുക. മാസങ്ങളായി പ്രതിപക്ഷം കള്ളംപ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് കമ്മീഷൻ ഉറപ്പ് നൽകുന്നത്. അത് കമ്മീഷന്‍റെ ഉത്തരവാദിത്തവുമാണ്. വോട്ടർമാർ ഇന്ത്യൻ പൗരന്മാരായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. വിദേശിയാകാൻ പാടില്ല. എസ്ഐആർ എന്തിന് ഇപ്പോൾ നടത്തുന്നുവെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പട്ടികയിൽ ശുദ്ധീകരണം നടത്തേണ്ടത് അനിവാര്യമായിരുന്നു. മുൻകാലങ്ങളിലും പരിഷ്‌ക്കാരങ്ങൾ നടന്നിട്ടില്ലേ എന്ന് ചോദിച്ച അമിത് ഷാ, കോൺഗ്രസ് ഭരിച്ചപ്പോൾ പ്രതിപക്ഷം ഈ നടപടിയെ ചോദ്യം ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിയെന്നാണ് ഉയരുന്നു ആക്ഷേപം. മരിച്ചവരെയും മറ്റൊരു സ്ഥലത്തേക്ക് പോയവരെയും നുഴഞ്ഞുകകയറ്റക്കാരെയും നിയമം ലംഘിച്ച് കഴിയുന്നവരെയും പട്ടികയിൽ നിലനിർത്തണോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.
രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനങ്ങളെ സാദാ ബോംബ്, ആറ്റംബോംബ്, ഹൈഡ്രജന്‍ ബോംബ് എന്ന് അമിത്ഷാ പരിഹസിച്ചതോടെയാണ് ലോക് സഭ പ്രക്ഷുബ്ധമായത്. തുടര്‍ച്ചയായുള്ള തോല്‍വിക്ക് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയോട് കണക്ക് ചോദിക്കുമെന്നും അമിത് ഷാ വിമര്‍ശിച്ചു. ഹരിയാനയിലെ ഒരു വീട്ടിൽ 501 വോട്ടുണ്ടെന്നായിരുന്നു അണുബോംബ്. അക്കാര്യത്തിൽ കമ്മീഷൻ തന്നെ വ്യക്തത വരുത്തി. ഒരേക്കറോളം വരുന്ന പ്ലോട്ടിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നു. എല്ലാ കുടുംബങ്ങൾക്കും വെവ്വേറെ നമ്പർ നൽകിയില്ല. കോൺഗ്രസ് ഭരിക്കുമ്പോൾ മുതൽ അങ്ങനെയായിരുന്നുവെന്ന് അമിത് ഷാ പറയുന്നു. ബിഹാറിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന മിന്‍റ ദേവിയും ഇവരെ തള്ളിപറഞ്ഞു. 124 വയസ് എന്നത് ഓൺലൈൻ അപേക്ഷ നൽകിയതിലെ പിഴവാണെന്ന് മിന്‍റ ദേവി തന്നെ പറഞ്ഞു. കമ്മീഷന്‍റെ പിഴവല്ലെന്ന് അവർ തന്നെ വ്യക്തമാക്കി.
അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട് രാഹുൽ ഗാന്ധി
തന്‍റെ വാർത്താസമ്മേളനത്തിൽ ചർച്ച നടത്താൻ അമിത് ഷായെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. എന്ത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് അമിത് ഷാ മറുപടി നല്‍കി. അമിത് ഷാ ഭയന്നെന്നും പൂർണ്ണമായും വെട്ടിലായെന്നും രാഹുൽ പരിഹസിച്ചു. പ്രസംഗത്തിൽ എന്ത് പറയണമെന്ന് താൻ തീരുമാനിക്കും. പ്രസംഗം കേൾക്കാൻ ക്ഷമ വേണമെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ 88 വോട്ട് കിട്ടിയ സര്‍ദാര്‍ പട്ടേലിനെ വെട്ടി രണ്ട് വോട്ട് കിട്ടിയ ജഹവര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായതാണ് ആദ്യ വോട്ട് ചോരിയെന്ന് അമിത്ഷാ തുറന്നടിച്ചു. റായ്ബറേലിയില്‍ ക്രമക്കേടിലൂടെ ഇന്ദിരാഗന്ധി ജയിച്ചതാണ് രണ്ടാമത്തെ വോട്ട് ചോരി. പൗരത്വം നേടും മുന്‍പ് സോണിയ ഗാന്ധി ഇന്ത്യയില്‍ വോട്ട് ചെയ്തെന്ന കേസ് മൂന്നാമത്തെ ഉദാഹരണമായി അമിത് ഷാ പരാമര്ശിച്ചതോടെ ലോക് സഭ ഇളകി മറിഞ്ഞു. യുപിഎ കാലത്ത് എല്ലാ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും കോണ്‍ഗ്രസ് നേരിട്ടാണ് നിയമിച്ചിരുന്നത്. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന് കൂടി സ്ഥാനം നല്‍കിയുള്ള നിയമം സര്‍ക്കാരുണ്ടാക്കി. സിസിടി ദൃശ്യങ്ങള്‍ 45 ദിവസം മാത്രം സൂക്ഷിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് കിട്ടുന്ന പരിരക്ഷയും 1950 മുതല്‍ നിയമത്തിലുള്ള വ്യവസ്ഥ പ്രകാരമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗമെഴുതുന്നവരോ കോണ്‍ഗ്രസിലെ വക്കീലന്മാരോ ഇത് മനസാക്കി കൊടുക്കണമെന്നും അമിത്ഷാ പരിഹസിച്ചു. വോട്ട് ചോരി ആവര്‍ത്തിക്കുന്നതും എസ്ഐആറിനെ എതിര്‍ക്കുന്നതും നുഴഞ്ഞ് കയറ്റ വോട്ട് ബാങ്ക് സംരക്ഷിക്കാനാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടു. ഉന്നയിച്ച വിഷയങ്ങളില്‍ നിന്നെല്ലാം അമിത് ഷാ ഒളിച്ചോടിയെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു.
