ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതി വീണ്ടും സങ്കീർണമാകുന്നു. കരസേനയും വ്യോമസേനയും സംയുക്ത ഓപ്പറേഷനുള്ള തയ്യാറെടുപ്പ് ലഡാക്കിൽ പൂർത്തിയാക്കി. 35,000 സൈനികരെ കൂടി ഇന്ത്യ മേഖലയിൽ എത്തിച്ചു. യുദ്ധടാങ്കുകളും തോക്കുകളും അതിർത്തിക്ക് അടുത്തേക്ക് നീക്കി. കരസേനാമേധാവി ജനറൽ എം എം നരവനെ തയ്യാറെടുപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. അതേസമയം, ഇരുസൈന്യങ്ങളുടെയും പിൻമാറ്റത്തിനുള്ള ധാരണ നടപ്പാകാൻ സമയം എടുക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

2022-ഓടെ ഇന്ത്യ ചൈനയുമായുള്ള അതിർത്തിയിൽ 42 പുതിയ തന്ത്രപ്രധാനറോഡുകളാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ 72 പ്രധാനറോഡുകളാണ് കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 28 എണ്ണം ഇപ്പോൾ നിർമാണം പൂർത്തിയായിട്ടുണ്ട്, 33 എണ്ണം നി‍ർമാണം നടന്നുകൊണ്ടിരിക്കുകയാണ്, മറ്റുള്ളവയുടെ നിർമാണം അതിന്‍റെ ആദ്യഘട്ടത്തിലാണ്. 

ഇന്ത്യ സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന മേഖലയിൽ പട്രോളിംഗ് തടസ്സപ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെയും ആവർത്തിച്ചിരുന്നു. തദ്ദേശീയമായി നിർമിച്ച പ്രതിരോധസാമഗ്രികൾ ഇന്ത്യയെ അതിർത്തി കാക്കാൻ പ്രാപ്തരാക്കുമെന്ന് പ്രതിരോധസഹമന്ത്രി ശ്രീപദ് നായ്ക്കും വ്യക്തമാക്കിയിരുന്നു.

അതേസമയം, ചൈനയും അതിർത്തിയിൽ സൈനികസന്നാഹം ശക്തമാക്കുകയാണ്. കിഴക്കൻ ലഡാക്കിൽ മെയ് ആദ്യവാരം മുതൽക്ക് തന്നെ ഇത്തരത്തിൽ വലിയ സൈനികസന്നാഹം ചൈന തുടങ്ങിയിരുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിന് മറുപടിയായാണ് അതിർത്തിയിൽ വൻ സൈനികസന്നാഹം സജ്ജമാക്കുന്നതെന്ന് പരോക്ഷമായി വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്തെങ്കിലും അതിർത്തിയിൽ പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സജ്ജമാണെന്ന് സൂചന നൽകുന്നതാണ് ഈ പ്രസ്താവന.

അതിർത്തിയിൽ ചൈന വൻ സൈനിക വിന്യാസം നടത്തുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഗൽവാൻ താഴ്വര കഴിഞ്ഞാണ് നിയന്ത്രണരേഖയെന്ന് ഇന്നലെ ചൈന പറഞ്ഞതും പ്രകോപനം തുടരുന്നതിന്‍റെ തെളിവായി.

ഒപ്പം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് തന്നെ വ്യക്തമാക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയുടെ പ്രസ്താവനയും ഇന്ത്യക്ക് കരുത്തേകുകയാണ്. ചൈനീസ് ഭീഷണി നേരിടാൻ യൂറോപ്പിൽ നിന്ന് അമേരിക്കൻ സേനയെ ഏഷ്യയിൽ വിന്യസിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 

യൂറോപ്പിൽ നിന്ന് സേനയെ പിൻവലിക്കുന്നതിനുള്ള കാരണമായാണ് ചൈനീസ് ഭീഷണി മൈക്ക് പോംപയോ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇന്ത്യ - ചൈന തർക്കത്തിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ വേണ്ടെന്നാണ് ഇന്ത്യയുടെ ഇതുവരെയുള്ള നിലപാട്.