Asianet News MalayalamAsianet News Malayalam

ഇന്ത്യ - ചൈന സേനാതല ചർച്ച പരാജയം, മേഖലയിൽ നിന്ന് കൂടുതൽ സേനാപിൻമാറ്റമില്ല, ജാഗ്രത

വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്ക‍ർ ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയിരുന്നു. മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് എസ് ജയ്‍ശങ്കർ മുന്നറിയിപ്പ് നൽകിയതായാണ് സൂചന.

india china face off Talks Between Major Generals of Both Nations Inconclusive
Author
New Delhi, First Published Jun 18, 2020, 6:33 AM IST

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ താഴ്‍വരയിൽ ബുധനാഴ്ച വൈകിട്ട് നടന്ന മേജർതലചർച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഉള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. അതിർത്തിജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ദിവസങ്ങളിലും പരമാവധി ചർച്ചകൾ നടക്കുമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നടന്ന സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തിന് നഷ്ടമായത് 20 വീരജവാൻമാരെയാണ്. 1967-ൽ നാഥുലാ ചുരത്തിൽ ഉണ്ടായ ഇന്ത്യ - ചൈന സംഘർഷത്തിൽ ഇന്ത്യയുടെ 80 സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. അന്ന് 300 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്.

വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്ക‍ർ ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയിരുന്നു. മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് എസ് ജയ്‍ശങ്കർ മുന്നറിയിപ്പ് നൽകിയതായാണ് സൂചന. ഇത് ആസൂത്രിതമായ അക്രമമായിരുന്നെന്നും, ഇതിന് ഉത്തരവാദികൾ ചൈനീസ് സൈന്യം മാത്രമാണെന്നും എസ് ജയ്‍ശങ്കർ ചർച്ചയിൽ ഉറച്ച നിലപാടെടുത്തു.

അതേസമയം, ചർച്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ: ''ആരാണ് അതി‍ർത്തി ലംഘിച്ചത് എന്നതിൽ ഇന്ത്യ വിശദമായ അന്വേഷണം നടത്തണം. അവർക്ക് എതിരെ ശിക്ഷാനടപടി വേണം. മുൻനിരയിലെ സൈനികട്രൂപ്പുകളെ നിയന്ത്രിക്കണം. എല്ലാ പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണം''.

അതേസമയം, ഇന്ത്യയുമായുള്ള ചർച്ചയിൽ ഇരുഭാഗവും നിലവിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ധാരണയായി എന്നും ചൈന വ്യക്തമാക്കുന്നുണ്ട്. 

എന്നാൽ നിലവിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അക്രമത്തിന് ഇടയാക്കിയത് ചൈനീസ് പ്രകോപനമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഇത് തന്നെയാണ് വിദേശകാര്യമന്ത്രി വ്യക്തമായി ചൈനയുമായുള്ള ചർച്ചയിൽ ചൂണ്ടിക്കാട്ടിയതും. ഗാൽവൻ താഴ്‍വരയിൽ നിയന്ത്രണരേഖയുടെ അടുത്തുള്ള പട്രോളിംഗ് പോയന്‍റ് 14-ന് സമീപത്ത്, നോമാൻസ് ലാൻഡിൽ, ചൈന ടെന്‍റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം ഏകപക്ഷീയമായി ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു എന്നും, ഇതാണ് ഇത്രയധികം മരണങ്ങളിലേക്ക് നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. 

നിലവിൽ അതിർത്തിയിലെ എല്ലാ ബേസ് ക്യാമ്പുകളിലും അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3500 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഇന്ത്യ - ചൈന അതിർ‍ത്തിയിലെ എല്ലാ കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവികസേന പട്രോളിംഗ് നടത്തുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യൻ നാവികസേന ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചർച്ചയിലാണ് ജാഗ്രത കൂട്ടാൻ തീരുമാനമായത്. 

ഒപ്പം അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെല്ലാമുള്ള ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്ത്, അധികട്രൂപ്പുകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. 

തിങ്കളാഴ്ചയുണ്ടായ അക്രമത്തിൽ പരിക്കേറ്റ 18 പേരാണ് ലേയിലെ സൈനികാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമെങ്കിലും ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം 58 പേരടങ്ങിയ മറ്റൊരു സംഘത്തിനും ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കും.

Follow Us:
Download App:
  • android
  • ios