Asianet News MalayalamAsianet News Malayalam

ഇന്ത്യാ-ചൈന തർക്കം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബിപിൻ റാവത്ത്

കരസേന മേധാവി ജനറൽ എംഎൽ നരവനെ രണ്ടു ദിവസം ലഡാക്കിലുണ്ടാകും. കിഴക്കൻ കമാൻഡിലെ മറ്റു മേഖലകളിൽ എത്തി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്ഥിതി നിരീക്ഷിച്ചു

India China stand off general Bipin Rawat Warns Pakisthan
Author
Delhi, First Published Sep 3, 2020, 8:37 PM IST

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം മുതലാക്കാൻ പാകിസ്ഥാൻ ശ്രമിക്കരുത്. ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ർു.

ലഡാക്കിൽ സംഘർഷാവസ്ഥ തുടരവെ കര, വ്യോമസേന മേധാവിമാർ ചൈനീസ് അതിർത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. അതിർത്തിയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് ചൈനയുടെ ഏകപക്ഷീയ നടപടികളെന്ന് വിദേശാകാര്യമന്ത്രാലയം ആഞ്ഞടിച്ചു. പബ്ജി നിരോധിച്ചത് നിയമവിരുദ്ധമെന്ന ചൈനയുടെ ആരോപണം ഇന്ത്യ തള്ളി.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിർത്തി ലംഘിക്കാൻ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളിൽ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നൽകുന്നത്. ഇതുവരെ കടക്കാത്ത പ്രദേശങ്ങളിൽ ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ വരെ എത്തിച്ചാണ് പ്രതിരോധം. അതിർത്തിയിലെ തയ്യാറെടുപ്പ് സേനാ മേധാവിമാർ നേരിട്ട് വിലയിരുത്തുകയാണ്. 

കരസേന മേധാവി ജനറൽ എംഎൽ നരവനെ രണ്ടു ദിവസം ലഡാക്കിലുണ്ടാകും. കിഴക്കൻ കമാൻഡിലെ മറ്റു മേഖലകളിൽ എത്തി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്ഥിതി നിരീക്ഷിച്ചു. എന്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യോമസേന മേധാവിയെ അറിയിച്ചു. സ്ഥിതി വഷളാകുന്നതിൻറെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന് ഇന്ത്യ തുറന്നടിച്ചു.

Follow Us:
Download App:
  • android
  • ios