Asianet News MalayalamAsianet News Malayalam

ഇന്ത്യ - ചൈന അതിർത്തിയിൽ ഇന്നും സംഘർഷം, വൈകിട്ട് സുരക്ഷാകാര്യമന്ത്രിതലയോഗം

ചൈനീസ് സേനയുടെ കയ്യിൽ കുന്തവും വടിവാളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് സേനയുടേതെന്ന സൂചനയോടെ ചിത്രങ്ങൾ പ്രചരിക്കുന്നു. അതിർത്തിയിലേത് അതീവഗുരുതരസാഹചര്യം.

india china standoff pla claims india fired shots first
Author
Ladakh, First Published Sep 8, 2020, 5:16 PM IST

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതി അതീവഗുരുതരം. നാൽപ്പത് ചൈനീസ് പട്ടാളക്കാർ ഇന്നലെ ഇന്ത്യൻ പോസ്റ്റുകൾക്ക് അടുത്തേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ പക്കൽ കുന്തവും വടിവാളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് സേനയുടേതെന്ന സൂചനയോടെ ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. അതിർത്തിയിലെ സംഘർഷസ്ഥിതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്ന കേന്ദ്രമന്ത്രിസഭാസമിതി ഇന്ന് വൈകിട്ട് യോഗം ചേരും. 

അതിർത്തിയിൽ ഇന്നും സംഘർഷസ്ഥിതി തുടരുകയാണെന്നാണ് സൂചന. റെസാങ് ലാ മേഖലയിൽ ഇന്നും സംഘർഷാവസ്ഥ തുടരുകയാണ്. അതേസമയം, അതിർത്തിയിലെ സ്ഥിതി നേരിട്ട് വിലയിരുത്തുന്നതിനൊപ്പം, മോസ്കോവിലേക്കുള്ള യാത്രയ്ക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാനിൽ ഇറാൻ വിദേശകാര്യമന്ത്രി ജാവേദ്ഷരീഫിനെ നേരിട്ട് കാണുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും, ചൈനീസ് പ്രതിരോധമന്ത്രിയും മോസ്കോയിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി രണ്ട് ദിവസത്തിനകമാണ് അതിർത്തിയിൽ വീണ്ടും സങ്കീർണമായ സ്ഥിതി ഉടലെടുക്കുന്നത്. 

അതേസമയം, പ്രകോപനപരമായ പ്രസ്താവനകളുമായി ചൈനീസ് വിദേശകാര്യവക്താവും രംഗത്തെത്തുകയാണ്. അതിർത്തിയിൽ ഇന്ത്യയാണ് ആദ്യം വെടിയുതിർത്തതെന്ന് ചൈന ആരോപിക്കുന്നു. ഇത് ഗുരുതരമായ പ്രകോപനമാണെന്നും, ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ ആരോപിക്കുന്നു. ഇന്ത്യയും ചൈനയുമായുള്ള നയതന്ത്രബന്ധം പോലും വഷളാവുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്തവും ഇന്ത്യയ്ക്ക് മാത്രമാണെന്നും സാവോ ലിജിയാൻ ആരോപിക്കുന്നു. 

''ചൈന സ്വന്തം മണ്ണിലെ ഒരു തരി പോലും വിട്ടുനൽകില്ല. എല്ലാ പ്രശ്നങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ ആഗ്രഹം. സ്വന്തം സൈന്യത്തെ ഇന്ത്യ അച്ചടക്കം പഠിപ്പിക്കണം. തെറ്റായ വിവരം ഇന്ത്യ പ്രചരിപ്പിക്കരുത്. സമാധാനമാഗ്രഹിക്കുന്നുവെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി തന്നെ പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ച്'', എന്ന് സാവോ ലിജിയാൻ പ്രസ്താവനയിൽ പറയുന്നു. 

അതേസമയം, ചൈനയുടെ ആരോപണങ്ങൾക്കെല്ലാം ഇന്ത്യ വ്യക്തമായി മറുപടി നൽകുന്നുണ്ട്. ഇന്ത്യ ഒരിടത്തേയ്ക്കും കടന്നുകയറിയിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ചൈനീസ് സേനയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപത്തെത്തി ആകാശത്തേക്ക് വെടിയുതിർത്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

അതിർത്തിയിൽ ഇരുസേനകൾക്കുമിടയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ, അതിർത്തിയിലെ സേനാകമാൻഡർമാർ നടത്തുന്ന ചർച്ചയിൽ കാര്യമായ ഫലമുണ്ടാകുന്നില്ല എന്ന് വേണം വിലയിരുത്താൻ. പല തവണ, ഇന്ത്യ- ചൈന കമാൻഡർമാർ തമ്മിൽ ജൂലൈ മുതൽ ചർച്ചകൾ നടത്തിവരികയായിരുന്നു. പ്രതിരോധമന്ത്രിമാർ തമ്മിൽ ചർച്ചകൾ നടക്കുകയും, ഇന്ത്യ - ചൈന വിദേശകാര്യമന്ത്രിമാർ തമ്മിൽ രണ്ട് ദിവസത്തിനകം ചർച്ചകൾ നടക്കാനിരിക്കുകയും ചെയ്യുമ്പോഴാണ് അതിർത്തിയിലെ സ്ഥിതി വഷളാകുന്നത്.

ഇന്ത്യൻ സേന വെടിവയ്പ്പ് നടത്തിയെന്ന് ആരോപിച്ച് ചൈന ഇന്നലെ അർദ്ധരാത്രിയാണ് രംഗത്തെത്തിയത്. ചൈനയുടെ പട്രോളിംഗ് സംഘത്തിന് നേരെ വെടിയുതിര്‍ത്തുവെന്ന പ്രസ്താവനയാണ് പീപ്പിൾസ് ലിബറേഷൻ ആര്‍മി പുറത്തുവിട്ടത്. ഇന്ത്യയുടേത് വിനാശകരമായ നീക്കമെന്നും ഇതിന് പ്രതികരണം നൽകിയെന്നും ചൈനീസ് പ്രസ്താവന പറയുന്നു. 

ചൈനയുടെ ആരോപണങ്ങൾ കരസേന തള്ളി. ഒരു ഘട്ടത്തിലും ചൈനയിലേക്ക് കടന്നുകയറുകയോ, വെടിവെക്കുകയോ ചെയ്തിട്ടില്ലെന്ന് കരസേന അറിയിച്ചു. ഇന്ത്യൻ സേനാപോസ്റ്റുകൾക്ക് അടുത്ത് വരെ ചൈനീസ് സേന എത്തുകയായിരുന്നു. മുന്നറിയിപ്പ് നൽകിയപ്പോൾ ഇന്ത്യൻ സേനയെ ഭയപ്പെടുത്താൻ ചൈനീസ് പട്ടാളം ആകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാൽ ഈ പ്രകോപനത്തിന് ശേഷവും ഇന്ത്യൻ സേന ഉത്തരവാദത്തോടെയും പക്വതയോടെയും പെരുമാറിയെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും എന്തുവിലകൊടുത്തും സംരക്ഷിക്കും. ചൈനീസ് സേനയുടെ പ്രസ്താവന ചൈനയിലെ ജനങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇന്ത്യ ആരോപിച്ചു. നാൽപത് കൊല്ലത്തിന് ശേഷമാണ് ചൈനീസ് അതിർത്തിയിൽ വെടിവയ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിനെ കണ്ട് കരസേനാമേധാവി ജനറൽ എം എം നരവനെ സാഹചര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios