ഓപ്പറേഷ സിന്ദൂറിലൂടെ പാക് അതിർത്തിയിലെ ഭീകര താവളങ്ങൾ ആക്രമിച്ച ഇന്ത്യ, ലോകരാഷ്ട്രങ്ങളുമായി സാഹചര്യം ചർച്ച ചെയ്‌തു
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചൈനയുമായി ചർച്ച നടത്തി ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി സംസാരിച്ചു. അതിർത്തിയെ സാഹചര്യവും ആക്രമണത്തിൻ്റെ വിശദാംശങ്ങളും ചർച്ചയായെന്നാണ് വിവരം. അമിത് ഷാ പാകിസ്ഥാനുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടിയന്തിര സാഹചര്യം ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുകയും ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
അതിർത്തി കടന്നുള്ള ആക്രമണമായതിനാൽ തന്നെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അത് കൂടി കണക്കിലെടുത്താണ് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഐഎംഎഫ് പാകിസ്ഥാന് നൽകുന്ന വായ്‌പ സംബന്ധിച്ച നിർണായക യോഗം നടക്കുന്നതിൻ്റെ തലേരാത്രി നടന്ന ഓപ്പറേഷൻ സിന്ദൂർ പാക് സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. പാകിസ്ഥാൻ ചൈനയെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമാണ് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. 1.44 ന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.
രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാത്രി മോദിക്കൊപ്പം ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പിന്നാലെ റെഡ് അലർട്ട് പുറപ്പെടുവിച്ച പാകിസ്ഥാൻ, പാക് സൈന്യത്തിന് തിരിച്ചടിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ രാവിലെ പാകിസ്ഥാൻ സൈന്യം പൂഞ്ചിലും ഉറിയിലും വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഉയർന്ന മലമുകളിൽ നിന്ന് വീടുകൾക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ പൂഞ്ചിൽ മാത്രം 10 നാട്ടുകാർ കൊല്ലപ്പെട്ടു. 44 പേർക്ക് പരിക്കേറ്റു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം മൂന്ന് പാക് സൈനികരെ വധിച്ചു.



