Asianet News MalayalamAsianet News Malayalam

പാകിസ്ഥാൻ അടക്കം അതിർത്തികൾ അടച്ച് ഇന്ത്യ, മഹാരാഷ്ട്രയിൽ നിരീക്ഷണത്തിലുള്ള രോഗി മരിച്ചു

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് കൊറോണ അഥവാ, കൊവിഡ് 19 ബാധിച്ച് മരിച്ചത് രണ്ട് പേരാണ്. ഒരാൾ ദില്ലിയിലും മറ്റൊരാൾ കർണാടകയിലെ കൽബുർഗിയിലും.

india closed its boundaries indefinitely high alert coronavirus live updates from india
Author
New Delhi, First Published Mar 14, 2020, 11:31 PM IST

ദില്ലി: രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 80 കടന്നതോടെ, അതിർത്തികൾ അനിശ്ചിതകാലത്തേക്ക് അടച്ച് ഇന്ത്യ. പാകിസ്ഥാനിലേക്കും തിരികെയുമുള്ള കര അതിർത്തികവാടങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിർത്തി കവാടങ്ങളിൽ മിക്കതും മാർച്ച് 15 അർദ്ധരാത്രിയോടെ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇപ്പോൾ അതിർത്തിയ്ക്ക് ഇപ്പുറത്തുള്ളവരെല്ലാം നാളെ വൈകിട്ടോടെ തിരികെപ്പോകണം.

ബംഗ്ലാദേശിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള രണ്ട് തീവണ്ടികൾ റദ്ദാക്കിയിരുന്നു. മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ് എന്നിവയാണ് അടുത്ത മാസം 15-ാം തീയതി വരെ റദ്ദാക്കിയത്.  

Image result for pakistan india border

രോഗബാധിതരുടെ എണ്ണം 84

അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. രണ്ട് പേരാണ് ഇതുവരെ കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ദില്ലിയിലെ ഒരു വൃദ്ധയും, ക‍ർണാടകയിലെ കൽബുർഗിയിലെ ഒരു വൃദ്ധനും. 

ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയിരുന്ന അഞ്ച് പേരും, രാജസ്ഥാനിലും ദില്ലിയിലുമുള്ള ഓരോരുത്തരും രോഗം ഭേദമായി ആശുപത്രി വിട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒപ്പം, വുഹാനിൽ നിന്നും എത്തിയ 112 പേരെ കരുതൽ സംരക്ഷണയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഐടിബിപിയുടെ കരുതൽ സംരക്ഷണയിലായിരുന്നു ഇവർ. 16 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗമില്ലെന്ന റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.

ഇന്ന് ദില്ലിയിൽ പുതുതായി ആറ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 11, കർണാടകയിൽ 6, മഹാരാഷ്ട്രയിൽ 14, ലഡാക്ക് 3, ജമ്മു കശ്മീർ 3 എന്നിങ്ങനെയാണ് ഇന്നലെയും ഇന്നുമായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. ഇത് കൂടാതെ രാജസ്ഥാൻ, തെലങ്കാന, തമിഴ്‍‍നാട്, ആന്ധ്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ കേസുകളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ആകെ 26 പേർ. കേരളത്തിലാകെ 19 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 

രോഗം ബാധിച്ച 84 പേരിൽ 17 പേരും വിദേശികളാണ്. 16 ഇറ്റാലിയൻ പൗരൻമാരും ഒരു കനേഡിയൻ പൗരനുമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തിൽ ഐസൊലേഷനിലുണ്ടായിരുന്ന വൃദ്ധൻ മരിച്ചു. ബുൽധാന സ്വദേശിയായ  71-കാരനാണ് മരിച്ചത്. സൗദി അറേബ്യയിൽ നിന്ന് തിരികെയെത്തിയ ഇദ്ദേഹത്തിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹവും ഉയർന്ന ബിപിയുമുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയായിരുന്നു. 

ഇദ്ദേഹത്തിന്‍റെ സാമ്പിളുകൾ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും, പരിശോധനാഫലം ഞായറാഴ്ച ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് രോഗലക്ഷണങ്ങൾ സംശയിക്കുന്നതിനാൽ സംസ്കാരച്ചടങ്ങുകളടക്കം അതീവജാഗ്രതയോടെ മാത്രമേ നടത്തൂ. 

Image result for india covid

രാജ്യമൊട്ടാകെ 4000 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി സഞ്ജീവ കുമാർ വ്യക്തമാക്കി. കൂടുതൽ പേരിലേക്ക് കോണ്ടാക്ട് ട്രേസിംഗ് അടക്കം നടത്താനുള്ള നടപടികൾ ഊർജിതമാക്കും. രോഗവിവരം ആരും മറച്ചുവയ്ക്കരുത്. അങ്ങനെ ചെയ്താൽ, അത് കേസെടുക്കാവുന്ന വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അയച്ച മഹാൻ ഫ്ലൈറ്റ് അർദ്ധരാത്രിയോടെ മുംബൈയിൽ ലാൻഡ് ചെയ്യും. ഇറ്റലിയിലെ മിലാനിലേക്ക്, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക എയർ ഇന്ത്യ വിമാനം അയക്കും. 

അതേസമയം, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ആദ്യത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഒരു ഇന്ത്യക്കാരനാണ്. മാർച്ച് എട്ടിന് മുംബൈയിൽ നിന്ന് റുവാണ്ടയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

അതിനിടെ ദില്ലിയിൽ നടത്താനിരുന്ന പദ്മ പുരസ്ക്കാര വിതരണ ചടങ്ങും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഏപ്രിൽ മൂന്നിനാണ് ചടങ്ങ് നടത്താനിരുന്നത്.

കൊറോണ ദേശീയദുരന്തമാകുമ്പോൾ..

മാസ്കുകളും സാനിറ്റൈസറുകളും അവശ്യസാധനങ്ങളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധ ദേശീയദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മാസ്കുകൾ കിട്ടാനില്ല. സാനിറ്റൈസറുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ജൂൺ അവസാനം വരെ ഇവ 'അവശ്യസാധന'ങ്ങളുടെ പട്ടികയിൽ പെടും. ഇവ രണ്ടും കരിഞ്ചന്തയിലോ, വൻതോതിൽ വില കൂട്ടിയോ വിൽക്കാതിരിക്കാനാണ് സർക്കാരിന്‍റെ നീക്കം.

അതേസമയം, കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടും, ദുരിതാശ്വാസനിധിയിൽ നിന്ന് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കോ, രോഗബാധിതരായവരുടെ ചികിത്സയ്ക്കോ പണം നൽകാനാകില്ലെന്ന് കാട്ടി കേന്ദ്രം ഇറക്കിയ ഉത്തരവ് വിവാദമായി. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം ലഭിക്കാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് കൊവിഡ് ബാധിതർക്ക് ചികിത്സ നൽകാനും കഴിയുമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേന്ദ്രസർക്കാരിന് കത്തും നൽകിയിട്ടുണ്ട്. 

കേന്ദ്രസർക്കാരിന്‍റെ പുതിയ ചട്ടപ്രകാരം പൊതു ആരോഗ്യസംവിധാനങ്ങൾക്ക് മാത്രമേ സഹായം ലഭിക്കൂ. അതായത്, താൽകാലിക അഭയകേന്ദ്രങ്ങൾ, മരുന്ന്, ലാബുകൾ തുടങ്ങിയവക്ക് മാത്രമായിക്കും സഹായം. 

ഇതുവരെ 1,406 വിമാനങ്ങളിലായി സഞ്ചരിച്ച 12,29,363 യാത്രക്കാരാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധിക്കപ്പെട്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയവും വ്യക്തമാക്കി.

Image result for india covid

സാർക് യോഗത്തിന് മോദി എത്തുക വീഡിയോ വഴി

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സാർക് യോഗം വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുമെന്നുറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മോദിയും വീഡിയോ കോൺഫറൻസിംഗ് വഴി തന്നെയാകും പങ്കെടുക്കുക. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അടക്കമുള്ള അന്താരാഷ്ട്ര യാത്രകളെല്ലാം മോദി റദ്ദാക്കിയിരുന്നു.

Image result for modi saarc

നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ

മാർച്ച്‌ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ, പാർക്കുകൾ, മാളുകൾ എന്നിവ അടച്ചിടാനാണ് തെലങ്കാന തീരുമാനിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള കർണാടകത്തിൽ ഇന്ന് പുതിയ കേസുകളില്ല എന്നത് ആശ്വാസമായി. 32 പേരാണ് ആകെ ഐസൊലേഷനിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. 

Image result for corona malls india

രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, കരുതലിന്‍റെ ഭാഗമായി, ഗോവയിൽ സ്കൂളുകൾ, കോളേജുകൾ, കസീനോകൾ, പെട്രോൾ പമ്പ്, ആഢംബര ബോട്ടുകൾ എന്നിവയെല്ലാം മാർച്ച് 31 വരെ അടച്ചു. ഇന്നലെ പകർച്ചവ്യാധി തടയൽ നിയമം ഗോവയിൽ നടപ്പാക്കിയിരുന്നു. ഐസൊലേഷന് തയാറാകാത്തവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും ഗോവൻ സർക്കാർ പറഞ്ഞു. സമാനമായ നിയന്ത്രണങ്ങൾ ഗുജറാത്തിലും കൊണ്ടുവരുമെന്ന് പ്രഖ്യാപനം.

അതേസമയം, പാർലമെന്‍റിലേക്ക് സന്ദർശകരെ അനിശ്ചിതകാലത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് തീരുമാനമായി. തിങ്കളാഴ്ച മുതൽ സന്ദർശകപാസ് നൽകുന്നത് നിറുത്തിവയ്ക്കാൻ തീരുമാനമായി.

ദേശീയ ഫോറസ്റ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള 62 ഐഎഫ് എസ് ട്രെയിനികളെ കരുതൽ സംരക്ഷണയിലേക്ക് മാറ്റി. ഫിൻലൻഡ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച ഇവർക്ക് പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. ഇതിൽ നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 58 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

Follow Us:
Download App:
  • android
  • ios