ദില്ലി: ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 92 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.  ഇതോടെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1071 ആയി. എന്നാൽ 99 പേർക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ രോഗം വ്യാപിക്കുന്നത് പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമായത് ജനങ്ങളുടെ സഹകരണം മൂലമാണെന്നും ജാഗ്രത ഇതേപടി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പോലും അശ്രദ്ധ, ഇതുവരെ രാജ്യം നടത്തിയ എല്ലാ ശ്രമവും വിഫലമാക്കുമെന്നും ലവ് അഗർവാൾ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച നാല് പേർ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 29 ആയി. അതേസമയം 38000ത്തിലേറെ പേരുടെ സ്രവ പരിശോധന ഇതിനോടകം നടത്തിയെന്നും ലവ് അഗർവാൾ വിശദീകരിച്ചു.

ഇന്ത്യയിൽ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹ വ്യാപനം ഇപ്പോഴുമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതിൻറെ സാഹചര്യം ഉണ്ടെങ്കിൽ മറച്ചു വയ്ക്കില്ല. ബറേലിയിലെ സാനിറ്റൈസേഷൻ സംഭവം തെറ്റായ നടപടിയാണ്. ഇത്തരത്തിൽ സാനിറ്റൈസേഷൻ നടത്താൻ നിർദ്ദ‌േശിച്ചിട്ടില്ലെന്നും ലവ് അഗർവാൾ വ്യക്തമാക്കി.