ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 425282 ലേക്കെത്തി. ഇന്നലെ രാവിലെ മുതൽ ഇതുവരെ 14821 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണിത്. 24 മണിക്കൂറിനുള്ളിൽ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്.

ഒറ്റ ദിവസം കൊണ്ട് 445 പേരുടെ മരണം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി. നിലവിൽ 174387 പേരാണ് ചികിത്സയിലുള്ളത്. 237196 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ലോക രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ എണ്ണവും വൻതോതിൽ വർധിക്കുകയാണ്. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 36000 പുതിയ രോഗികൾ ഉണ്ടായി. ലോകത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.