കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനമായി.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട് അടക്കമുള്ളയിടങ്ങളിൽ രോഗവ്യാപനം അതിതീവ്രമാണ്. സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചെങ്കിലും രോഗവ്യാപന തോത് കുറഞ്ഞിട്ടില്ല. അതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനമായി. കൊവിഡിനൊപ്പം ഒമിക്രോണും വ്യാപിക്കുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് പ്രധാനമന്ത്രി നൽകുന്ന മുന്നറിയിപ്പ്. ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും മോദി നിര്‍ദേശിച്ചു.
മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 44,000 കടന്നു. 44,388 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 19,474 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇവിടെ ഇന്നും ടി പി ആർ 30 ന് അടുത്തെത്തി. സംസ്ഥാനത്ത് ആക്ടീവ് കൊവിഡ് കേസുകൾ രണ്ടു ലക്ഷം കടന്നു.
അതേ സമയം രാജ്യതലസ്ഥാനമായ ദില്ലിയിൽ 24 മണിക്കൂറിൽ 22,751 പേർക്ക് കൊവിഡ് ബാധിച്ചു.17 പേർ മരിച്ചു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 60, 733 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 23.53% ആണ്. പശ്ചിമ ബംഗാളിലും കൊവിഡ് കുത്തനെ കൂടി. 24 മണിക്കൂറിനിടെ 24,287 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 33% ആണ്.
'സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം'; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി
തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 12895 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6186 പേർക്ക് രോഗം കണ്ടെത്തി. 12 മരണം കൂടി സ്ഥിരീകരിച്ചു. ചെന്നൈയിൽ 15.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.9% ആണ് സംസ്ഥാനത്തെ ടിപിആർ നിരക്ക്. സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 761 വാഹനങ്ങൾ ചെന്നൈ പൊലീസ് പിടിച്ചെടുത്തു. നഗരത്തിൽ 434 പേർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. അയ്യായിരത്തിലധികം പേർക്ക് പിഴ ചുമത്തിയെന്നും ചെന്നൈ ഗ്രേറ്റർ പൊലീസ് അറിയിച്ചു. രാത്രികാല കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്.
