മഹാരാഷ്ട്രയ്ക്ക് പുറമെ പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമാണ്

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് 53,364 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം പേർക്ക് ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഒരേ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 248 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 

കൊവിഡ് നിയന്ത്രണത്തിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന ഉണ്ടായിരിക്കുന്നത്. രോഗ നിയന്ത്രണത്തില്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നാണ് ഇതിനെക്കുറിച്ച് പഠിച്ച സമിതി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട്. 

അതേസമയം നാലരക്കോടിയിലധികം പേർ ഇതിനോടകം വാക്സീൻ സ്വീകരിച്ചു. മഹാരാഷ്ട്രയ്ക്ക് പുറമെ പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് രൂക്ഷമാണ്. കൊവിഡിൻറെ ബ്രിട്ടണ്‍ വകഭേദം പഞ്ചാബില്‍ കൂടുതല്‍ യുവാക്കളിലേക്ക് പകരുന്നതിലെ ആശങ്ക മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നാംഘട്ട വാക്സിനേഷന്‍ അടിയന്തരമായി തുടങ്ങാന്‍ കേന്ദ്രം തീരുമാനിച്ചത്.