ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം ഇന്ന് ഒന്പത് ലക്ഷത്തി മുപ്പത്തി മൂവായിരത്തിൽ എത്തിയേക്കും. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6741 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 

ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇന്നും അഞ്ഞൂറ് കടന്നേക്കും. രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

ഇരുപത് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർലമെന്റിൻറെ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. 

കൊവിഡ് വ്യാപനം രൂക്ഷമായ കർണാടകത്തിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സന്പൂർണ ലോക്ക്ഡൗണ്‍. ബെംഗളൂരു അർബന്‍ , റൂറല്‍ ജില്ലകളാണ് പൂർണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്

കർണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.