ദില്ലി: രാജ്യത്തെ 24  മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 95,735 പേർക്ക്. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,65,863 ലേക്കെത്തി. ഇന്നലെ മാത്രം 1172 കൊവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 75062 ആയി. 919018 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3471783 പേർ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.

കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷം പുതിയ രോഗികളാണുണ്ടായത്. ഇന്നലെ 23,816 പേര്‍ രോഗികളായി. ആന്ധ്രയില്‍ 10,418, കര്‍ണാടക 9,540, തമിഴ്നാട് 6,516,ഉത്തര്‍ പ്രദേശ് 6711 പേരും രോഗികളായി.  ദില്ലിയില്‍ ഇന്നലെ റെക്കോഡ് പ്രതിദിന വര്‍ധനയായിരുന്നു. 4039 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോഗികളായത്. ബിഹാറില്‍ 1702, ജമ്മു കശ്മീരില്‍ 1617,  ഝാര്‍ഖണ്ഡില്‍  2652,  ഗുജറാത്ത് 1,329, പേര്‍ക്കുമാണ് ഇന്നലെ രോഗം ബാധിച്ചത്. രാജ്യത്തെ പ്രതിദിന പരിശോധനയും ഉയര്‍ത്തിയിട്ടുണ്ട് 11.3 ലക്ഷം സാംപിളാണ് ഇന്നലെ പരിശോധിച്ചത്. ഉത്തര്‍ പ്രദേശില്‍ 1.44 ലക്ഷമായി പ്രതിദിന പരിശോധന ഉയര്‍ത്തിയിരുന്നു. ദില്ലിയില്‍ 54000 ത്തിലധികം സാംപിള്‍
ഇന്നലെ പരിശോധിച്ചു.