ദില്ലി/ വാഷിംഗ്ടൺ: ഇന്ത്യ - ചൈന അതിർത്തിത്തർക്കത്തിൽ മധ്യസ്ഥനാകാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതിനെ വീണ്ടും പരോക്ഷമായി തള്ളിക്കളഞ്ഞ് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് പറഞ്ഞ ട്രംപ്, മോദി ''അത്ര നല്ല മൂഡിലല്ല'', എന്നാണ് പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിൽ ''വലിയ ഭിന്നത'' നടക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. എന്നാൽ ഇതും വിദേശകാര്യമന്ത്രാലയം നിഷേധിക്കുന്നു.

''There has been no recent contact b/w PM Modi & US President Trump. Last conversation between them was on 4 April, 2020 on subject of Hydroxychloroquine. Y'day,MEA had also made it clear that we're directly in touch with China through established mechanisms & diplomatic contacts''

''പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രിൽ 4, 2020-നാണ് ഏറ്റവുമൊടുവിൽ ഇരുവരും സംസാരിച്ചത്. മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. ഡിപ്ലോമാറ്റിക് തലത്തിലൂടെ ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നുണ്ട്'', എന്നാണ് വിദേശമന്ത്രാലയവൃത്തങ്ങളുടെ പ്രതികരണം. 

''ഇന്ത്യക്കാർക്ക് എന്നെ ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമപ്രവർത്തകർക്കുള്ളതിനേക്കാൾ സ്നേഹം ഇന്ത്യക്കാർക്ക് എന്നോടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ സ്നേഹമുണ്ട്. അദ്ദേഹം മഹാനായ മനുഷ്യനാണ്'', എന്നാണ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്.  

''ഇന്ത്യയും ചൈനയും തമ്മിൽ... വലിയൊരു ഭിന്നതയുണ്ട്. രണ്ട് രാജ്യങ്ങളിലും 1.4 ബില്യൺ ജനസംഖ്യ വീതമുണ്ട്. രണ്ട് രാജ്യങ്ങൾക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തികളുണ്ട്. ചൈനയ്ക്കും അതൃപ്തിയുണ്ടെന്നാണ് തോന്നുന്നത്'', ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള അതിർത്തിയിലെ തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്‍റിന്‍റെ മറുപടി ഇങ്ങനെ.

''ഒരു കാര്യം ഞാൻ പറയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഞാൻ സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ച്'', എന്ന് ട്രംപ്. 

നേരത്തേയും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി ഭിന്നതയിൽ ട്രംപ് മധ്യസ്ഥാനാകാമെന്ന് വ്യക്തമാക്കിയിരുന്നു. ''മധ്യസ്ഥചർച്ചയ്ക്ക് ഞാൻ തയ്യാറാണ്, എപ്പോഴും'', എന്നായിരുന്നു ട്രംപിന്‍റെ വാഗ്ദാനം. 

എന്നാൽ ഇത് പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യ, അതിർത്തിത്തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ പ്രസ്താവനയോട് അതീവശ്രദ്ധയോടെ തയ്യാറാക്കിയ ഒരു വാർത്താക്കുറിപ്പിലൂടെയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. 

അതിൽ പറയുന്നതിങ്ങനെ: ''ചൈനയുമായി ഞങ്ങൾ ചർച്ച നടത്തുകയാണ്. ഇരുഭാഗവും സൈനിക, നയതന്ത്രതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ചർച്ചകളിലൂടെ ഏത് പ്രശ്നങ്ങളും പരിഹരിക്കാമെന്നും, ഈ തലങ്ങളിലൂടെ ആശയവിനിമയം ഫലപ്രദമായി തുടരാമെന്നും ഞങ്ങൾക്കുറപ്പുണ്ട്'', എന്നാണ് വിദേശമന്ത്രാലയവക്താവ് അനുരാഗ് ശ്രീവാസ്തവ ഇന്നലെ ഓൺലൈൻ വഴി വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

എന്നാൽ ചൈനീസ് വിദേശകാര്യമന്ത്രാലയം ട്രംപിന്‍റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബൽ ടൈംസിൽ വന്ന ഒരു ഓപ്പ്-എഡ് ലേഖനത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് അഭിപ്രായമുയർത്തിയെന്ന് മാത്രം.