Asianet News MalayalamAsianet News Malayalam

കശ്മീര്‍, എന്‍ആര്‍സി, സിഎഎ തിരിച്ചടിച്ചു; ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളയുന്നതിന് മുമ്പ് വലിയ രീതിയില്‍ സൈന്യത്തെ വിന്യസിച്ച് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നതായും കുറ്റപ്പെടുത്തി.

India drops 10 places in Democracy Index report
Author
New Delhi, First Published Jan 22, 2020, 6:30 PM IST

ദില്ലി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്‍റലിജന്‍റ്സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍  ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി.  എക്കണോമിസ്റ്റ് ഗ്രൂപ്പിന്‍റെ ഗവേഷണ വിഭാഗമാണ് എക്കണോമിക് ഇന്‍റലിജന്‍റ്സ് യൂണിറ്റ്. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, ഗവണ്‍മെന്‍റ് പ്രവര്‍ത്തനം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍, രാഷ്ട്രീയ സംസ്കാരം, പൗര സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുക. 

2018ല്‍ 7.23 ആയിരുന്നു ഇന്ത്യയുടെ സ്കോറെങ്കില്‍ 2019ല്‍ 6.90 ആയി കുറഞ്ഞു. ഏഷ്യ-ഓസ്ട്രേലിയ മേഖലയില്‍ മലേഷ്യ, തായ്‍വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിറകില്‍ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 9.87 സ്കോറോടെ നോര്‍വേയാണ് പട്ടികയില്‍ മുന്നില്‍. 1.08 മാര്‍ക്ക് നേടിയ ഉത്തരകൊറിയ പട്ടികയില്‍ അവസാനമാണ്. 2.26 മാര്‍ക്ക് നേടിയ ചൈനയുടെ സ്ഥാനം 153.1.69 മാര്‍ക്ക് അധികം നേടി 6.32 മാര്‍ക്കോടെ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ തായ്‍ലന്‍ഡാണ് മികച്ച നേട്ടം കൈവരിച്ചത്. ഫ്രാന്‍സി, ചിലി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫുള്‍ ഡെമോക്രസി റാങ്കിലെത്തി. 

വ്യാജ വാര്‍ത്ത നിയമം നടപ്പാക്കിയ സിംഗപ്പൂരാണ് പൗര സ്വാതന്ത്ര്യത്തില്‍ മുന്നില്‍. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കല്‍, ദേശീയ പൗരത്വ പട്ടിക അസമില്‍ നടപ്പാക്കല്‍ തുടങ്ങിയ വിവാദ വിഷയങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളയുന്നതിന് മുമ്പ് വലിയ രീതിയില്‍ സൈന്യത്തെ വിന്യസിച്ച് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നതായും കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെയടക്കം തടവിലാക്കി, ഇന്‍റര്‍നെറ്റ് വിച്ഛേദിച്ച് കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതോടെ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ അടക്കം 19 ലക്ഷം പേര്‍ പുറത്തായി. മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് എന്‍ആര്‍സി നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഏകദേശം 20 കോടി(14.9 ശതമാനം) മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. നിലവിലെ മുസ്ലിം ജനസംഖ്യ വളര്‍ച്ചാ നിരക്ക് അനുസരിച്ച് 2060ഓടെ 33.3 കോടിയായി ഉയര്‍ന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാകും. മൊത്തം ജനസംഖ്യയുടെ 19.4 ശതമാനം വരുമിത്. 

പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗത്തിന്‍റെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. നഗരങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
165 രാജ്യങ്ങളിലേയും രണ്ട് പ്രവിശ്യകളിലേയും ഭരണ വ്യവസ്ഥകളേയും രാഷ്ട്രീയ സംവിധാനങ്ങളേയും കുറിച്ച് പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറിക്കിയത്. 22 രാജ്യങ്ങളിലാണ് പൂര്‍ണ ജനാധിപത്യം നിലവിലുള്ളത്. ലോകത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ഏകാധിപത്യ ഭരണത്തിന് കീഴിലാണ്.  മിക്ക ഏഷ്യന്‍ രാജ്യങ്ങളും റാങ്കിംഗില്‍ പിന്നോട്ടുപോയി. 

Follow Us:
Download App:
  • android
  • ios