Asianet News MalayalamAsianet News Malayalam

'ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീൻ പട്ടികയിൽ ഉൾപ്പെടുത്തണം', കൊവാക്സീന് അനുമതി തേടി ഇന്ത്യ

കൊവീഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നൽകണമെന്നാണ് ആവശ്യം. 

india Government steps in to expedite WHO approval for Covaxin covid vaccine
Author
Kerala, First Published May 23, 2021, 9:21 AM IST

ദില്ലി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ  ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു.  കൊവാക്സീൻ, കൊവീഷീൽഡ് എന്നീ ഇന്ത്യൻ നിർമ്മിത വാക്സീനുകളാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിൽ കൊവീഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നൽകണമെന്നാണ് ആവശ്യം. 

വാക്സീൻ സ്വീകരിച്ചവർക്ക് മാത്രം വിവിധ രാജ്യങ്ങൾ പ്രവേശാനുമതി നൽകുന്ന സാഹചര്യത്തിൽ കൊവാക്സീൻ സ്വീകരിച്ചവർക്ക് പല രാജ്യങ്ങളും അനുമതി നിഷേധിക്കുന്നുവെന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ സാഹചര്യത്തിലാണ് കേന്ദ്രം അംഗീകാരത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്. 

അതേ സമയം രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രകൾക്ക് വാക്സീൻ പാസ്പോർട് നൽകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ ലോകാരോഗ്യ സംഘടനയിൽ ചർകൾ തുടരുകയാണെന്നും ആരോഗ്യ സെക്രട്ടറി ലൗ അഗർവാൾ വ്യക്തമാക്കി. 

രാജ്യത്ത് വാക്സീനേഷൻ നിലവിൽ മന്ദഗതിയിലാണ്. ദില്ലിയിൽ 18-44 വരെയുള്ളവരുടെ വാക്സീനേഷൻ നിറുത്തിവെച്ചു. ഈ വിഭാഗത്തിലുള്ളവർക്കായി നീക്കിവച്ച വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചത്. കൂടുതൽ വാക്‌സീൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Follow Us:
Download App:
  • android
  • ios