കൊവിഡ് ബാധ ഉയരാന്‍ തുടങ്ങിയ മാര്‍ച്ച് അവസാനം ലോക പട്ടികയില്‍ ഇന്ത്യ മുപ്പതാമതായിരുന്നു. ഈ പട്ടികയില്‍ ഇപ്പോള്‍  മൂന്നാം സ്ഥാനത്തുള്ള റഷ്യയേക്കാള്‍ മരണനിരക്കില്‍ ഇന്ത്യ മുന്നിലെത്തി. 

ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധ എണ്ണായിരത്തിന് മുകളിലായതോടെ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി. ഒരു ദിവസത്തിനിടെ 8392 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ജര്‍മ്മനിയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ഒന്‍പതാം സ്ഥാനത്ത് നിന്ന് ഇന്ത്യ ഏഴിലെത്തിയത്. പ്രതിദിന രോഗബാധ നിരക്ക് ഈ വിധമെങ്കില്‍ 10 ദിവസത്തിനുള്ളില്‍ ഇന്ത്യ അഞ്ചാമതെത്തും.

കൊവിഡ് ബാധ ഉയരാന്‍ തുടങ്ങിയ മാര്‍ച്ച് അവസാനം ലോക പട്ടികയില്‍ ഇന്ത്യ മുപ്പതാമതായിരുന്നു. ഈ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയേക്കാള്‍ മരണനിരക്കില്‍ ഇന്ത്യ മുന്നിലെത്തി. റഷ്യയില്‍ ഇതുവരെയുള്ള മരണം 4693 എങ്കില്‍ ഇന്ത്യയിലെ മരണസംഖ്യ 5394 ആണ്. പ്രതിദിന മരണ നിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്ന നിലപാട് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുകയാണ്. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധമെന്ന നിലയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളിക നല്‍കുന്നത് ഫലപ്രദമാണെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം കൊവിഡ് അവലോകനത്തിനെത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു. രണ്ടാഴ്ച മുന്‍പ് കൊവിഡ് അവലോകനത്തിനായി മുംബൈയില്‍ നിന്ന് ഐസിഎംആറില്‍ എത്തിയ ശാസത്രജ്ഞനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ, നീതി ആയോഗ് അംഗം വികെ പോള്‍ തുടങ്ങിയവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ അണുനശീകരണത്തിനായി ഐസിഎംആര്‍ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു.