യുപി ജയിച്ചാൽ വൻ ആത്മവിശ്വാസത്തോടെ നരേന്ദ്ര മോദിക്ക് മുന്നോട്ട് പോകാനാകും. മറിച്ചായാൽ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ രാഷ്ട്രീയം കാണും. 

ദില്ലി: രാഷ്ട്രീയ ഇന്ത്യ ഈ പുതുവർഷത്തിൽ കാത്തിരിക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്‍റെ (Assembly Elections) ഫലത്തിനാണ്. ഉത്തർപ്രദേശും പഞ്ചാബും ഉത്തരാഖണ്ഡും ഗോവയും മണിപ്പൂരും പോളിംഗ് ബൂത്തിലെത്തും. ഇതിൽ യുപിയിലെ ഫലം വരാൻ പോകുന്ന രാഷ്ട്രീയ അന്തരീക്ഷം തീരുമാനിക്കുന്നതിൽ പ്രധാനമാകും. പഞ്ചാബിലെ വോട്ടർമാർ കർഷകസമരം ഏത് രീതിയിൽ ആ സംസ്ഥാനത്തെ മാറ്റി എന്ന് വ്യക്തമാക്കും.

യുപി ജയിച്ചാൽ വൻ ആത്മവിശ്വാസത്തോടെ നരേന്ദ്ര മോദിക്ക് മുന്നോട്ട് പോകാനാകും. മറിച്ചായാൽ ഒരുപാട് രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ രാഷ്ട്രീയം കാണും. യുപിയിലെ ഫലം ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണ്ണയിക്കും. ബിജെപി വിജയിച്ചാൽ നരേന്ദ്രമോദിക്ക് താല്‍പ്പര്യമുള്ള വ്യക്തി വീണ്ടും റയ്സിന കുന്നിലെത്തും. തോറ്റാൽ ചില സമവാക്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരും. 

പുതിയ ഉപരാഷ്ട്രപതിയെ നിർണ്ണയിക്കാൻ ഭരണപക്ഷത്തിന് മറ്റൊന്നും നോക്കേണ്ടതില്ല. പാർലമെന്‍റിലെ ഭൂരിപക്ഷം ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ ബിജെപിയെ സഹായിക്കും. രാജ്യസഭയിൽ നിന്ന് 75 അംഗങ്ങൾ ഈ വർഷം പകുതിയോടെ പിരിയും. എ കെ ആന്‍റണി, ജയറാം രമേശ്, ആനന്ദ് ശർമ്മ തുടങ്ങി പല മുതിർന്ന നേതാക്കളും രാജ്യസഭയിൽ നിന്ന് മടങ്ങും. ബ്രീട്ടീഷ് കാലം മുതൽ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ പാർലമെന്‍റ് മന്ദിരം ഈ വർഷം മ്യൂസിയമായി മാറും.

പുതിയ മന്ദിരം സ്വാതന്ത്ര്യത്തിന്‍റെ 75 ആം വർഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ തീരുമാനം. അടുത്ത ഡിസംബറിൽ ശീതകാല സമ്മേളനം ഈ മന്ദിരത്തിലാകും. പെഗാസസ് അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ എത്തും. മുന്നാക്ക സംവരണ കേസിലും ശബരിമല കേസിലും കോടതി നിലപാട് ഈ വർഷം വന്നേക്കാം. ജസ്റ്റിസ് യു യു ലളിതും ഡി വൈ ചന്ദ്രചൂഡും ഇന്ത്യയുടെ പരമോന്നത കോടതിയുടെ തലപ്പത്ത് എത്തും. കാർഷിക ബില്ലുകൾ പിൻവലിച്ച് സർക്കാർ ഒരടി പിന്നോട്ടു പോയി. രണ്ടടി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം എങ്ങനെയാവും എന്നറിയാനും കാത്തിരിക്കാം