പാക് അധീന കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരമായ ബലപ്രയോഗത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഈ അടിച്ചമർത്തലിൽ നിരവധി പേർ കൊല്ലപ്പെട്ടതായും, നിയമവിരുദ്ധ കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈന്യവും ഭരണകൂടവും ക്രൂരമായ ബലപ്രയോഗം നടത്തുന്നതിനെ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി തന്നെ പ്രതിഷേധക്കാരെ ശത്രുക്കൾ എന്ന് വിളിച്ചത് നിഷ്കളങ്കരായ ജനങ്ങളോടുള്ള അവരുടെ പൂർണ്ണമായ അവജ്ഞയാണ് കാണിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ നടന്ന ക്രൂരമായ അടിച്ചമർത്തലിൽ 40ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി സെൻട്രൽ കമ്മിറ്റി അംഗം ഉമർ നസീറിന്റെ സഹോദരൻ ഉസ്മാൻ നസീറും ഉൾപ്പെടുന്നു.

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പരിശീലനവും ആയുധവും നൽകി വളർത്തിയ മുജാഹിദീൻ' ഭീകരർ ഇപ്പോൾ പാക് ഭരണകൂടത്തിന് തന്നെ ഭീഷണിയായി മാറിയെന്ന് പാക് പ്രധാനമന്ത്രിയുടെ രാഷ്ടീയകാര്യ പ്രത്യേക അസിസ്റ്റന്റ് പരസ്യമായി സമ്മതിച്ച കാര്യവും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. അക്രമങ്ങൾക്കും വോട്ടെടുപ്പ് തട്ടിപ്പ് ആരോപനങ്ങൾക്കുമിടയിൽ പികെയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പാക് ഭരണകൂടത്തിനെതിരായ ജനങ്ങളുടെ അപമാനകരമായ തിരസ്കരണമാണ് കാണിക്കുന്നത്.

ജീവിതച്ചെലവ് വർദ്ധനവ്, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ കഴിഞ്ഞ മാസം മുതൽ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ, പാക് അധീന കാശ്മീരിലെ നിയമവിരുദ്ധ കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്ട്ര സംഘടനകളോട് ജനങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, പാകിസ്ഥാന്റെ അതിക്രമങ്ങൾ പരിശോധിക്കാനും അവരെ മറുപടി പറയാൻ ബാധ്യസ്ഥരാക്കാനും അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.