Asianet News MalayalamAsianet News Malayalam

മെയ് ആയപ്പോഴേക്ക് 64 ലക്ഷം പേർക്ക് കൊവിഡ് വന്നിരിക്കാം: ഐസിഎംആർ സെറോ സർവേ

മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിലാണ് ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചത്. 

india likely had 64 lakh covid cases by may says icmr sero survey
Author
New Delhi, First Published Sep 11, 2020, 10:40 AM IST

ദില്ലി: മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

64,68,388 പേർക്ക് മെയ് മാസം അവസാനിക്കുമ്പോഴേക്ക് തന്നെ രോഗം വരാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ രക്തസാമ്പിൾ എടുത്ത്, ഈ സാമ്പിളിൽ ഐജിജി ആന്‍റിബോഡികളുണ്ടായിരുന്നോ എന്നാണ് പരിശോധിച്ചത്. അതായത് രക്തത്തിലെ പ്ലാസ്മയുടെ ഫ്ലൂയിഡ് ഭാഗമായ സെറത്തിൽ, കൊവിഡ് വന്ന് പോയവരാണെങ്കിൽ അതിന്‍റെ സൂചനകളുണ്ടാകും. രോഗത്തിന് കാരണമാകുന്ന ആന്‍റിജനുകളെ നേരിടാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡികളുണ്ടോ എന്നാണ് സെറോ സർവൈലൻസിലൂടെ പരിശോധിച്ചത്.

പരിശോധിച്ചവരിൽ 18 മുതൽ 45 വരെയുള്ള പ്രായപരിധിയിലുള്ളവരിലാണ് സെറോ പോസിറ്റിവിറ്റി, അഥവാ സെറം പരിശോധിച്ചതിൽ രോഗം കണ്ടെത്തിയത്. ഈ പ്രായപരിധിയിലുള്ള 43.3 ശതമാനം പേർക്കും ടെസ്റ്റ് പോസിറ്റീവായി. 46 മുതൽ 60 വയസ്സ് വരെയുള്ളവരിൽ 39.5 ശതമാനം പേരും പോസിറ്റീവായി. 60-ന് മുകളിലുള്ളവരിലാണ് ഏറ്റവും കുറവ് സെറോ പോസിറ്റിവിറ്റി. 17.2 ശതമാനം മാത്രം. 

അതായത് മെയ് മാസത്തിൽ ആർടിപിസിആർ വഴി സ്ഥിരീകരിച്ച ഓരോ കൊവിഡ് പോസിറ്റീവ് കേസിനും ആനുപാതികമായി 82 മുതൽ 130 രോഗബാധിതർ വരെ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സെറോ സർവേ സൂചിപ്പിക്കുന്നത്. മുതിർന്നവരിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ശതമാനത്തിൽത്താഴെ മാത്രമേ ഉള്ളൂ എന്നത് (0.73%) ആശ്വാസമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അപ്പോഴും നിലവിൽ കണ്ടെത്തിയ രോഗബാധിതരേക്കാൾ എത്രയോ കൂടുതലാകാം രാജ്യത്ത് നിലവിലുള്ള രോഗബാധിതർ എന്നതിന്‍റെ ചൂണ്ടുപലകയാവുക കൂടിയാണ് ഈ സെറോ സർവേ ഫലം. 

ഏറ്റവും കൂടുതൽ സെറോ പോസിറ്റിവിറ്റി ഗ്രാമീണമേഖലകളിലാണ് എന്നത് ആശങ്കാജനകമായ കണ്ടെത്തലാണ്. 69.4 ശതമാനമാണ് ഗ്രാമങ്ങളിലെ സെറോ പോസിറ്റിവിറ്റി നിരക്ക്. നഗരങ്ങളിലെ ചേരികളിൽ ഇത് 15.9 ശതമാനവും ചേരിയിതരപ്രദേശങ്ങളിൽ ഇത് 14.6 ശതമാനവുമാണ്. സർവേ നടത്തിയത് ഭൂരിഭാഗവും ഗ്രാമീണമേഖലകളിലാണ്. സർവേയിൽ ഉൾപ്പെടുത്തിയ ക്ലസ്റ്ററുകളിൽ നാലിലൊന്ന് മാത്രമേ നഗരമേഖലകളുണ്ടായിരുന്നുള്ളൂ. 

മെയ് മാസത്തിൽത്തന്നെ രോഗം ഗ്രാമീണമേഖലകളിലേക്ക് പടർന്നിരിക്കാമെന്നും സെറോ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രാമീണമേഖലകളിൽ വേണ്ടത്ര ടെസ്റ്റിംഗ് ഇല്ലാത്തതിനാൽത്തന്നെ, രോഗബാധിതരെ കൃത്യമായി കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതും സംശയമാണ്. 

സെറോ സർവേ റിപ്പോർട്ട് അനുസരിച്ച്, വളരെ കുറച്ചുമാത്രം കൊവിഡ് കേസുകൾ കണ്ടെത്തിയ ജില്ലകളിൽ നിന്ന് പോലും കൂടുതൽ പേർ സെറോ സർവേയിൽ പോസിറ്റീവായിട്ടുണ്ട്. ഗ്രാമീണമേഖലകളിൽ ഏറ്റവും കൂടുതൽ പേർ സെറോസർവേയിൽ പോസിറ്റീവായത് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. 

കേരളത്തിൽ മൂന്ന് ജില്ലകളിലാണ് സെറോ സർവേ നടത്തിയത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്‌ ജില്ലകളിൽ ആയിരുന്നു സർവേ.

Follow Us:
Download App:
  • android
  • ios