ദില്ലി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിഥികളെ അപമാനിക്കുകയും തടയുകയും ചെയ്‌തെന്ന് രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും തടയുകയും ചെയ്‌തെന്നും സംഭവത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും രാജ്യസഭയില്‍
മുരളീധരന്‍ വ്യക്തമാക്കി.

ജൂണ്‍ ഒന്നിനാണ് ഇസ്ലാമാബാദില്‍ ഇന്ത്യ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണം സ്വീകരിച്ച് എത്തിയ പാകിസ്ഥാന്‍ അതിഥികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്നും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു.  സംഭവം അന്വേഷിക്കണമെന്നും അന്വേഷണ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ വിവിധ രാജ്യങ്ങളുടെ പിടിയിലായ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മന്ത്രി മറുപടി നല്‍കി.