Asianet News MalayalamAsianet News Malayalam

യൂറോപ്പിന് ശേഷം കൊവിഡ് 19ന്റെ ഹോട്‌സ്‌പോട്ട് ഇന്ത്യയാകാമെന്ന് വിദഗ്ധര്‍; വേണ്ടത് അതിജാഗ്രത

ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

India may be the next hot spot of Covid 19; says experts
Author
New Delhi, First Published Mar 19, 2020, 6:23 AM IST

ദില്ലി: ചൈനക്കും യൂറോപ്പിനും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇപ്പോള്‍ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ചെറുതാണ്. എന്നാല്‍ ഏപ്രില്‍ 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇതൊരു വലിയ ദുരന്തമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല.  അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ വൈറസ് വ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായില്ല. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന്‍ ദക്ഷിണകൊറിയക്ക് കഴിഞ്ഞു. ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.

ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറഞ്ഞ പണം ചെലവാക്കുന്ന രാജ്യം ഇന്ത്യയാണ്. ജിഡിപിയുടെ 3.7 ശതമാനമാണ് ആരോഗ്യ രംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ മഹാമാരി നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എന്നെ ആശങ്കപ്പെടുത്തുന്നു.  അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടും ദക്ഷിണകൊറിയയില്‍ കഴിഞ്ഞ മാസം രോഗബാധിതരുടെ എണ്ണത്തില്‍ 2000 ശതമാനമാണ് വര്‍ധനവുണ്ടായത്. 
അതേസമയം, രോഗബാധ നിയന്ത്രിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പരിശോധനക്കായി സ്വകാര്യലാബുകളെ ഉപയോഗിക്കാമെന്ന തീരുമാനമെടുത്തിട്ടുണ്ട്.

വന്‍നഗരങ്ങളിലടക്കം നിയന്ത്രണമേര്‍പ്പെടുത്തിയും പരിശോധന കര്‍ശനവുമാക്കി. രാജ്യവ്യാപകമായി പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു. കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. 151 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 
 

Follow Us:
Download App:
  • android
  • ios