ദില്ലി: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് വഴിയൊരുങ്ങുന്നു. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യത്തിലോ ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് ശരാശരി 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു. വാക്സിന്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ  ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാംഘട്ട പരീക്ഷണം ഏതാണ്ട് തീരാറായ സാഹചര്യത്തിൽ ഇന്ത്യയിൽ ഓക്സ്ഫോർഡ് വികസിപ്പിച്ച അസ്ട്രസെനക്ക വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുവദിക്കാനും സാധ്യതയുണ്ട്. ഇതിനുള്ള അനുമതി തേടി കമ്പനി ഉടനെ കേന്ദ്രസർക്കാരിനെ സമീപിക്കും. 

വാക്സിൻ്റെ ഉത്പാദനം ഇതിനോടകം കമ്പനി ആരംഭിച്ചുവെന്നാണ് സൂചന. ജനുവരിയിൽ രാജ്യത്ത് പത്തുകോടിമരുന്ന് വിതരണത്തിന് തയാറാക്കുമെന്ന് അസ്ട്രാസനേക്കയുടെ ഇന്ത്യയിലെ പങ്കാളികളായ പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ 90 ശതമാനവും നേരിട്ട് കേന്ദ്രസർക്കാരിന് കൈമാറും. ഡോസിന് 250 വില ഈടാക്കിയാവും സർക്കാരിന് കമ്പനി വാക്സിൻ നൽകുക. ഇതേ മരുന്ന രണ്ട് ഡോസിന് ആയിരം രൂപ എന്ന നിരക്കിൽ പൊതുവിപണിയിൽ കമ്പനി നേരിട്ടും ലഭ്യമാക്കുമെന്ന് സെറം സിഇഒ അദർ പുനെ വാല അറിയിച്ചു. ഇതിനോടകം നാല് കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 

മൂന്നാംഘട്ട പരീക്ഷണത്തിലും വാക്സിന്  ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്ന് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാല ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും, പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ 90 ശതമാനമാണ് ഫലപ്രാപ്തി. ഒരുമാസം
ഇടവിട്ട് രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കിയപ്പള്‍ 62 ശതമാനവും വാക്സിൻ വിജയിച്ചു. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറ് കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയുടെ തീരുമാനം. വാക്സിൻ പരമാവധി വില കുറച്ച് വാങ്ങാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 

അമേരിക്കൻ കമ്പനിയായ ഫൈസർ, റഷ്യയുടെ സ്പുടിനിക് അടക്കം വേറേയും വാക്സിനുകളും ഇന്ത്യയിൽ വിതരണത്തിന് എത്താൻ സാധ്യതയുണ്ട്. ഒരാൾക്ക് എന്ന രണ്ട് ഡോസ് എന്ന കണക്കിൽ 260 കോടി ഡോസ് മരുന്നെങ്കിലും ഇന്ത്യയിൽ ആവശ്യമായി വന്നേക്കും. ലോകത്തെ മുഴുവൻ ജനങ്ങൾക്കുമായി 1600 കോടി കൊവിഡ് വാക്സിൻ വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. നിലവിൽ 321 വ്യത്യസ്ത കൊവിഡ് വാക്സിനുകളുടെ പരീക്ഷണം ആഗോളതലത്തിൽ പുരോഗമിക്കുകയാണ്. ഇതിൽ ഇന്ത്യയുടെ കൊവാക്സിൻ അടക്കം അൻപതോളം കമ്പനികളുടെ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. 

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാവും വാക്സിൻ നൽകുക. രാജ്യത്തെ എല്ലാ ആശുപത്രി ജീവനക്കാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും ഫെബ്രുവരിയോടെ വാക്സിൻ നൽകിയേക്കും. അതിനു ശേഷം പ്രായമേറിയവർക്ക് വാക്സിൻ നൽകാനാണ് സാധ്യത. പൊലീസുകാർ അടക്കമുള്ള അവശ്യസർവ്വീസുകാരും കഴിഞ്ഞ് ഏറ്റവും അവസാനഘട്ടത്തിലാവും യുവാക്കൾക്ക് വാക്സിൻ ലഭിക്കുക. 

കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. വാക്സിന്‍ വിതരണത്തിന്‍റെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. വാക്സിന്‍ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങള്‍ നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെർച്വല്‍ യോഗം വിലയിരുത്തും