രാജസ്ഥാനിലെ ഭിൽവാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷ്ടാവ് അഞ്ച് ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകൾ കവർന്നു. ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഭോപ്പാൽ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കരേഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ്ക് അണിഞ്ഞ് മോഷണം. കഴിഞ്ഞ ദിവസം രാത്രി, ബസ് സ്റ്റാൻഡിലെ മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഏകദേശം 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകൾ മോഷണം പോയി. കള്ളന്മാരിൽ ഒരാൾ മുഖം മറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചത് സിസിടിവിയിൽ വ്യക്തമായി. കട തുറന്നപ്പോഴാണ് കടയുടമ ലക്ഷ്മൺ സെൻ മോഷണം നടന്നതായി കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേൽക്കൂരയിലെ പടിക്കെട്ടിലേക്കുള്ള ഗേറ്റിന്റെ പൂട്ട് തകർത്താണ് അകത്തേക്ക് പ്രവേശിച്ചത്. പ്രധാന കമ്പനികളുടെ വിലകൂടിയ സ്മാർട്ട്‌ഫോണുകൾ കവർച്ച ചെയ്യപ്പെട്ടതായി കടയുടമ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. അതേ രാത്രിയിൽ പട്ടണത്തിലെ മറ്റൊരു മൊബൈൽ ഷോപ്പിലും മോഷണത്തിന് സംഘം ശ്രമിച്ചു. അവിടത്തെ സിസിടിവി ദൃശ്യങ്ങളിലും പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങൾ ലഭിച്ചു. പൊലീസ് അന്വേഷണം ശക്തമാക്കി.