ദില്ലി: പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള മലേഷ്യന്‍ പ്രസിഡന്‍റ് മഹാതിര്‍ മൊഹമ്മദിന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമഭേദഗതി ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കില്ലെന്നും ഇന്ത്യ ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

പൗരത്വഭേദഗതി നിയമം പൂര്‍ണമായും ഇന്ത്യയുടെ അഭ്യന്തരകാര്യമാണെന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അന്യരാജ്യങ്ങള്‍ അഭിപ്രായം പറയരുതായിരുന്നുവെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയിലെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചിട്ടുണ്ട്. 

പൗരത്വ നിയമത്തില്‍ ഇന്ത്യ കൊണ്ടു വന്ന ഭേദഗതി മുസ്ലീം വിരുദ്ധമാണെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഈ നിയമം മൂലം ആളുകള്‍ കൊല്പപെടുകയാണെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. ക്വലാലംപുര്‍ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇന്ത്യന്‍ പരൗത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് മഹാതിര്‍ സംസാരിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി യാതൊരു പ്രശ്നവുമില്ലാതെ ഇന്ത്യക്കാര്‍ ജീവിച്ചു എന്നിരിക്കെ പിന്നെ എന്തിനാണ് ഇങ്ങനെയൊരു നിയമമെന്ന് മഹാതിര്‍ ചോദിച്ചു.