ഇന്ത്യന്‍ സമയം രാവിലെ 11.30 തോടെ യാതൊരു പ്രകോപനവുമില്ലാതെ രജൗരി ജില്ലയിലെ  നൗഷേര  മേഖലയില്‍ പാക് സൈന്യം ഷെല്ലിങ്ങ് നടത്തുകയായിരുന്നു.  

പൂഞ്ച്: തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണരേഖയ്ക്ക് സമീപം ഏഴ് പാക്കിസ്ഥാന്‍ പേസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. പാക്ക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ ഉള്‍പ്പെടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ ഇന്‍റ്ര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഏഴ് പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ക്കും പരിക്കേറ്റു. ഇതോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ചക്കന്‍ ദ ബാഗിലെ വ്യാപാരം താത്ക്കാലികമായി നിര്‍ത്തി വച്ചു. 

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30 തോടെ യാതൊരു പ്രകോപനവുമില്ലാതെ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ പാക്ക് സൈന്യം ഷെല്ലിങ്ങ് നടത്തുകയായിരുന്നു. ശേഷം വൈകിട്ട് അഞ്ച് മണിയോടെ പൂഞ്ചിലെ ഷഹ്പൂര്‍, കേര്‍നി മേഖകളില്‍ ഷെല്ലാക്രമണവും വെടിവെയ്പ്പും ഉണ്ടായതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.