Asianet News MalayalamAsianet News Malayalam

വിമാനങ്ങൾ വെടിവച്ചെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമുള്ള പാക് അവകാശവാദം തള്ളി ഇന്ത്യ

ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും പാകിസ്ഥാൻ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

India Rejects Pakistan's Claim Of Jet Shot Down
Author
New Delhi, First Published Feb 27, 2019, 2:12 PM IST

ദില്ലി: ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമുള്ള പാക് അവകാശവാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും പാകിസ്ഥാൻ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

അതേസമയം, ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോ റേഡിയോ പാകിസ്ഥാൻ പുറത്തിറക്കുന്നു. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിടുന്നത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്. 'വിങ് കമാൻഡർ അഭിനന്ദൻ' എന്നാണ് ആ സൈനികൻ അവകാശപ്പെടുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവുമില്ല. ഇത് യഥാർഥ വീഡിയോ തന്നെയാണോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല.

പാകിസ്ഥാൻ തിരിച്ചടിക്കുന്നു എന്ന പേരിൽ പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്: 'പാകിസ്ഥാനി വ്യോമമേഖലയ്ക്കുള്ളിലേക്ക് കടന്നു കയറിയ ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചിട്ടു. ഇത് ഇന്ത്യക്കുള്ള തിരിച്ചടിയല്ല. അതിർത്തിയിൽ പൗരൻമാർ താമസിക്കുന്ന മേഖലയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയിട്ടില്ല. മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ പാകിസ്ഥാന് താത്പര്യമില്ല. തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് മാത്രമാണ് പാകിസ്ഥാൻ ഇതിലൂടെ പറയുന്നത്'. 

എന്നാൽ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമായി പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറയുന്നത് രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് ഇന്ത്യൻ വൈമാനികരെ അറസ്റ്റ് ചെയ്തെന്നുമാണ്. ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഇന്ത്യ. ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും ഗ്രൗണ്ട് ബേസുകളിലോ ഡ്യൂട്ടിയിലോ ഉണ്ടെന്നും ആരെയും കാണാതായിട്ടില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇന്ന് അതിർത്തി ലംഘിച്ച് പറന്നെത്തിയ പാക് വിമാനങ്ങളെ ഇന്ത്യൻ സൈന്യം തുരത്തിയിരുന്നു. അതിൽ ഒരു വിമാനം ഇന്ത്യ വെടിവച്ചിടുകയും അതിർത്തിക്കപ്പുറത്ത് വിമാനം തകർന്ന് വീഴുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ ജമ്മു കശ്മീരിലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. സാങ്കേതികത്തകരാർ മൂലമായിരുന്നു അപകടം സംഭവിച്ചതെന്ന് വ്യോമസേനയും വ്യക്തമാക്കി. ഈ സംഭവത്തിൽ പങ്കില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios