സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷയില്‍ മരുന്ന് പരീക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ദില്ലി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസിനായി (Covid Booster Dose ) രണ്ട് വാക്സീന്‍ കമ്പനികള്‍ നല്‍കിയ അപേക്ഷകള്‍ കേന്ദ്രം അംഗീകരിച്ചില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷയില്‍ മരുന്ന് പരീക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസിന്‍റെ ശാസ്ത്രീയ വിവരങ്ങൾ വിദഗ്ധ സമിതിയും ദേശീയ സാങ്കേതിക ഉപദേശക സമിതിയുമാണ് പരിശോധിക്കുന്നത്. നിലവിൽ ബൂസ്റ്റര്‍ ഡോസിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാകുക.
അതേ സമയം രാജ്യത്തെ ഒമിക്രോണ്‍ (Omicron) സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. വൈകീട്ട് 6.30 നാണ് അവലോകന യോഗം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നത്. ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരിട്ടി വ്യപന ശേഷിയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ കാര്യങ്ങളാകും വൈകുന്നേരം ആറരക്ക് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി അവലോകനം ചെയ്യുക.
236 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം ഒടുവില്‍ പുറത്ത് വിട്ട കണക്ക്. എന്നാല്‍ പിന്നീട് തമിഴ്നാട്ടില്‍ മുപ്പത്തി മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം വീണ്ടും കൂടിയിട്ടുണ്ട്. എന്നാൽ ആരോഗ്യമന്ത്രാലയത്തിന്‍റെ ഇതുവരെയുള്ള കണക്കില്‍ ഒരു കേസ് മാത്രമാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണ്‍ ബാധിതരില്‍ പകുതിയോളം പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പിൽ. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്താണ്.
തമിഴ്നാട്ടിൽ ഇന്ന് മാത്രം 33 പുതിയ ഒമിക്രോൺ കേസുകൾ
തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 33 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 34 ആയി. ഇതിൽ 26 കേസുകളും ചെന്നൈയിലാണ്. പൊങ്കലും ജല്ലിക്കട്ടും വരാനിരിക്കെ സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഒരാൾക്ക് മാത്രമാണ് ഇതേവരെ തമിഴ്നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് ഇത് 34 ആയി ഉയർന്നത്. ജനസാന്ദ്രത കൂടിയ ചെന്നൈയിലാണ് 26 പോസിറ്റീവ് കേസുകൾ എന്നതും ഗുരുതര സാഹചര്യമാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടി തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മധുരയിൽ 4 കേസുകളും തിരുവാൺമലൈയിൽ രണ്ടും സേലത്ത് ഒന്നുമാണ് റിപ്പോർട്ട് ചെയ്തത്.
വിവിധ രാജ്യങ്ങളിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തിയ 104 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 82 പേർക്ക് കൊറോണ വൈറസിന്റെ ‘എസ് ജീൻ ഡ്രോപ്പ്’ വകഭേദം കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. എല്ലാവരുടേയും സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗ് വിശകലനത്തിനായി ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെം സെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിനിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ, ജല്ലിക്കട്ടിന് അനുമതി നൽകരുതെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. ജനുവരി പകുതിയോടെയാണ് പൊങ്കൽ. പുതിയ സാഹചര്യത്തിൽ ചെന്നൈയിലെ പൊതു ചടങ്ങുകൾ നിരോധിച്ചേക്കും.
