ദില്ലി: ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പ്രതിരോധ സേനാവക്താക്കള്‍ പുറത്തുവിട്ടു. വ്യോമസേനയെ പ്രതിനിധീകരിച്ച്  എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡി എസ് ഗുജറാള്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തെളിവുകള്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. അമോറാം മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 

ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്സും സാങ്കേതിക കേന്ദ്രവുമടക്കം നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് 27-ാം തീയതി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എത്തിയത്. എന്നാല്‍ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടന്നതിന് പിന്നാലെ തന്നെ ഇവരെ തുരത്തിയോടിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ എത്തി. 

പാക് വിമാനങ്ങള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബുകളും മിസൈലുകളും വര്‍ഷിച്ചെങ്കിലും അതൊന്നും തന്നെ ലക്ഷ്യം കണ്ടില്ല. ഒരു ബോംബ് സൈനിക കോംപൗണ്ടില്‍ വീണു. പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേന വിജയിച്ചു. പാകിസ്ഥാന്‍ എഫ്-16 വിമാനത്തെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവെച്ചിട്ടു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നതും പൈലറ്റ് പാകിസ്ഥാന്‍റെ പിടിയിലായതെന്നും വാർത്താസമ്മേളനത്തില്‍ വക്താക്കള്‍ പറഞ്ഞു.