പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തി
ദില്ലി: താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും മേഖലയിലും ലോകത്തും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ചയായിരുന്നു.
അതേ സമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ദേവി ശക്തി എന്നാണ് അഫ്ഗാൻ രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ മറ്റന്നാൾ വിദേശകാര്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ ആറു രാജ്യങ്ങൾ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
