ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിതനും രാജ്യതന്ത്രജ്ഞനും രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണ് അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ബിജെപിയെ വളര്‍ത്തുന്നതിനായി പതിറ്റാണ്ടുകളോളം അദ്ദേഹം പരിശ്രമിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ പൗരന്മാരുടെ ഉന്നമനത്തിനായി ശ്രീ ലാല്‍ കൃഷ്ണ അദ്വാനി നല്‍കിയ സംഭവാനകളെ ഇന്ത്യ എന്നും സ്മരിക്കും. ഈ ജന്മദിനത്തില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു'- മോദി കുറിച്ചു. ബിജെപിക്ക് കരുത്തും രൂപവും നല്‍കുന്നതിനായി പതിറ്റാണ്ടുകള്‍ പരിശ്രമിച്ചയാളാണ് അദ്വാനിയെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിലേക്ക് ബിജെപിയെ വളര്‍ന്നത് അദ്വാനിയെപ്പോലുള്ള നേതാക്കള്‍ കാരണമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. എല്‍ കെ അദ്വാനിയുടെ 92-ാം ജന്മദിനമാണ് ഇന്ന്. 1927-ന് കറാച്ചിയിലാണ് ലാൽ കൃഷ്ണ അദ്വാനി എന്ന എൽ കെ അദ്വാനി ജനിച്ചത്.