സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കക്ക് എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ലങ്കയ്ക്ക് താങ്ങാകുമെന്നാണ് ഇന്ത്യയുടെ ഉറപ്പ്

ദില്ലി: ശ്രീലങ്കയിലേക്ക് (Sri Lanka) സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കക്ക് എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ലങ്കയ്ക്ക് താങ്ങാകും. 26,000 കോടിയുടെ സഹായം ഇതുവരെ ലങ്കയ്ക്ക് നല്‍കിയിട്ടുണ്ട്. സാമ്പത്തിക സഹായവും ഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും മഹീന്ദ രാജപക്സെക്കെതിരായ പ്രതിഷേധം ശക്തമാകുകയാണ്. പ്രക്ഷോഭകർ വളഞ്ഞ ഔദ്യോഗിക വസതിയിൽ നിന്നും പട്ടാള കാവലിലാണ് മുൻ പ്രധാനമന്ത്രി രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. ട്രിങ്കോമാലി നേവൽ ബേസ് വഴി മഹീന്ദ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹവും പരന്നു. ഇതോടെ നേവൽ ബേസ് സമരക്കാർ വളഞ്ഞു. രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്ക് പുറത്തും കാവൽ നിൽക്കുകയാണ് ജനങ്ങൾ. ഔദ്യോഗിക വസതി സമരക്കാർ വളഞ്ഞ് പെട്രോൾ ബോംബ് എറിഞ്ഞതോടെയാണ് മഹീന്ദ സൈന്യത്തിന്‍റെ സഹായം തേടിയത്. 

സമരക്കാരെ വെടിവെച്ചോടിച്ച സൈന്യംകനത്ത കാവലിൽ മുൻ പ്രധാനമന്ത്രിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാജപക്സെ കുടുംബത്തിന്‍റെ തറവാട് വീട് സമരക്കാർ കത്തിച്ചിരുന്നു. മുൻ മന്ത്രിമാരുടെയും എംപിമാരുടെയും ആയി അൻപതോളം വീടുകൾക്കും ജനം തീയിട്ടു . രാജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്‍റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രതിഷേധം കലാപസമാനമായതോടെ അടിച്ചമർത്താൻ പട്ടാളത്തിന് കൂടുതൽ അധികാരം നൽകിയിരിക്കുകയാണ് പ്രസിഡന്‍റ് ഗോതബായ രാജപക്സെ. സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വെക്കാനുമുള്ള അധികാരമാണ് സൈന്യത്തിന് നൽകിയത്.