വ്യോമ അതിർത്തി അടച്ചതിനാൽ ബദൽമാർഗ്ഗമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യക്കാരെ കരമാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലെ പോളണ്ട്, ഹംഗറി, സ്ലോവേകിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് ഒഴിപ്പിക്കുക എന്നതാണ് ഒരു മാർഗ്ഗം. റഷ്യയുമായും ഇക്കാര്യത്തിൽ ഇന്ത്യ സമ്പർക്കത്തിലാണ്. വ്യോമസേനയ്ക്കും ജാഗ്രത നിർദ്ദേശം സർക്കാർ നല്കിയിട്ടുണ്ട്. 

ദില്ലി: യുക്രൈയിനിൽ (Ukraine Crisis) വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗ്ഗം തേടി ഇന്ത്യ (India) . അടുത്തുള്ള രാജ്യങ്ങളിലേക്ക് വ്യോമസേന വിമാനങ്ങൾ അയച്ച് ഒഴിപ്പിക്കലിനാണ് ആലോചന. ഇന്ത്യക്കാർ പടിഞ്ഞാറൻ അതിർത്തിയിൽ എത്തേണ്ടി വരും എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്.

യുക്രൈനിലെ കാഴ്ചകൾ ഇന്ത്യയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും പെട്ടെന്ന് ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇന്ത്യയും കരുതിയില്ല. ഈ മാസം പതിനഞ്ചിനാണ്, താമസം അനിവാര്യമല്ലെങ്കിൽ ഇന്ത്യക്കാർ മടങ്ങണം എന്ന നിർദ്ദേശം ആദ്യമായി കീവിലെ എംബസി നല്കിയത്. എന്നാൽ പലർക്കും ഇതുവരെ മടങ്ങാനായിട്ടില്ല. 

ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉള്ളതിൽ എത്ര പേർ മടങ്ങിയെത്തി എന്ന് കണക്കില്ല. ബാക്കിയുള്ളവരെ ഇനി യുക്രൈനിൽ വിമാനം എത്തിച്ച് മടക്കിക്കൊണ്ടുവരാനാകില്ല. ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തുടരണം എന്ന നിർദ്ദേശമാണ് ഇന്ന് ആദ്യം എംബസി നല്കിയത്. കീവിലേക്ക് യാത്ര ചെയ്യുന്നവർ ഹോസ്റ്റലുകളിലേക്ക് മടങ്ങണം. കീവിൽ വഴിയിൽ കുടുങ്ങിയവർ ഉണ്ടെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പോകണം എന്നും എംബസി ഉപദേശിക്കുന്നു. സ്ഥിതി ആശങ്കാജനകമെന്ന് കീവിലെ ഇന്ത്യൻ അംബാസ‍ഡർ പാർത്ഥ സത്പതി സന്ദേശത്തിൽ പറഞ്ഞു. സ്ഥിതി മറികടക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയാണെന്നും എംബസിയുടെ പ്രവർത്തനം തുടരുമെന്നും അംബാസഡർ അറിയിച്ചു. 

വ്യോമ അതിർത്തി അടച്ചതിനാൽ ബദൽമാർഗ്ഗമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യക്കാരെ കരമാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലെ പോളണ്ട്, ഹംഗറി, സ്ലോവേകിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് ഒഴിപ്പിക്കുക എന്നതാണ് ഒരു മാർഗ്ഗം. റഷ്യയുമായും ഇക്കാര്യത്തിൽ ഇന്ത്യ സമ്പർക്കത്തിലാണ്. വ്യോമസേനയ്ക്കും ജാഗ്രത നിർദ്ദേശം സർക്കാർ നല്കിയിട്ടുണ്ട്. 

വിദേശകാര്യമന്ത്രാലയത്തിൻറെ കൺട്രോൾ റൂമിൽ കൂടുതൽ പേരെ നിയോഗിച്ചു. യുക്രൈയിനടുത്തുള്ള രാജ്യങ്ങളിലെ എംബസികളിലേക്കും ഒഴിപ്പിക്കൽ ലക്ഷ്യമാക്കി കൂടുതൽ ഉദ്യോഗസ്ഥരെ അയക്കും. അഫ്ഗാനിസ്ഥാനിൽ നടന്ന ഒഴിപ്പിക്കലിൻറെ ഇരുപത് ഇരട്ടി സർവ്വീസുകൾ യുക്രൈയിനിലെ ഒഴിപ്പിക്കലിന് വേണ്ടി വരും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 

പരിഭ്രാന്ത്രരാകേണ്ട, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി മുരളീധരൻ

റഷ്യൻ (Russia) ആക്രമണം നേരിടുന്ന യുക്രൈനിലെ (Ukraine) ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധൻ (V Muraleedharan) . പരിഭ്രാന്ത്രരാകേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി അറിയിച്ചു. 'ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം. അതിന് വേണ്ട ബദൽ മാർഗങ്ങളാണ് നടപ്പാക്കുന്നത്. ആവശ്യമായ സഹായമെത്തിക്കും വിദേശകാര്യമന്ത്രാലയത്തിന്റെ കീവിലെ അടക്കം കൺട്രോൾ റൂം വിപുലപ്പെടുത്തി. രക്ഷാ ദൌത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു. 

നിലവിലെ സാഹചര്യത്തിൽ, യുക്രൈനിന്റെ കിഴക്കൻ പ്രദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്. പടിഞ്ഞാറൻ യുക്രൈൻ പ്രദേശത്ത് യുദ്ധ സാഹചര്യമില്ലെന്നാണ് അവിടെനിന്നുള്ള വിദ്യാർത്ഥികൾ അറിയിച്ചത്. എല്ലാവരും . എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണം. ഭയപ്പെടേണ്ടതിന്റെയോ പരിഭ്രാന്ത്രരാകേണ്ടതിന്റെയോ ആവശ്യമില്ലെന്നും വേഗത്തിൽ എല്ലാവരേയും തിരികെയെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.