നേരത്തെ 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. പുറമെ, 100 കോടി ഡോളർ കൂടി ശ്രീലങ്ക സഹായം തേടി. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു.
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കക്ക് (Sri lanka) സഹായവുമായി ഇന്ത്യ (India). 40000 ടൺ അരി ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ നൽകുന്ന സഹായത്തിന്റെ ഭാഗമായാണ് അരി നൽകുന്നത്. നേരത്തെ 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. പുറമെ, 100 കോടി ഡോളർ കൂടി ശ്രീലങ്ക സഹായം തേടി. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു.
ദക്ഷിണ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ നിന്നാണ് അരി കയറ്റി അയക്കുന്നതെന്ന് പട്ടാഭി അഗ്രോ ഫുഡ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാഗമായാണ് അരി വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതോടെ ശ്രീലങ്കയിൽ വിലക്കയറ്റതിനും ക്ഷാമത്തിനും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ നാണ്യ കരുതതിലെ 70 ശതമാനം കുറവും കൊവിഡ് പ്രതിസന്ധിയും വിദേശ കടവും ജൈവ കൃഷി നയവുമാണ് ശ്രീലങ്കയുടെ നടുവൊടിച്ചതായി വിദഗ്ധർ പറയുന്നത്. പ്രതിസന്ധിയെ തുടർന്ന് വിലക്കയറ്റവും ക്ഷാമവും നേരിടുന്നുണ്ട്. സർക്കാറിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാൻ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
