ദില്ലി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാക പ്രദേശങ്ങളിലെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ സൈനിക വിന്യാസവും ആയുധ സജ്ജീകരണങ്ങളും വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ നീക്കം വിജയിച്ചിരുന്നില്ല. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരം പിടിച്ചടക്കാന്‍ ചൈന ശ്രമിച്ചത് തടഞ്ഞ ഇന്ത്യന്‍ സൈന്യം, ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നിരീക്ഷണം ശക്തമാക്കി. 

തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കമാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ ആര്‍മി വക്താവ്  കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈന നടത്തുന്ന ആദ്യത്തെ കടന്നുകയറ്റ ശ്രമമാണ് പാംഗോങ്ങിലേത്. പാംഗോങ് തടാകക്കരയില്‍ ഓഗസ്റ്റ് 29, 30 തീയതികളില്‍ കടന്നുകയറാനുള്ള ചൈനീസ്  സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. ആര്‍മി തലവന്‍ എംഎം നരവനെ സ്ഥിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചു. 

തുടര്‍ന്നാണ് പാംഗോങ് തടാക തെക്കന്‍ തീരത്ത് സൈനിക വിന്യാസവും ആയുധവും വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്. നിയന്ത്രണ രേഖയില്‍ വ്യോമസേനയും നിരീക്ഷണം ശക്തമാക്കി. മേഖലയില്‍ ചൈന ജെ-20 റേഞ്ച് യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കിയത്. കിഴക്കന്‍ ലഡാക്കിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും മൂന്ന് മാസം മുമ്പ് തന്നെ ഇന്ത്യയും പോര്‍വിമാനങ്ങള്‍ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ നടത്തുകയാണ്. അതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ നീക്കമുണ്ടായത്.