സൂപ്പർസോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെ-ഐയിൽ നിന്ന്  ആണ് പരീക്ഷണം നടത്തിയത്.   വിമാനത്തിൽ നിന്ന്  വിക്ഷേപിച്ച മിസൈൽ  മുൻകൂട്ടി ആസൂത്രണം ചെയ്ത പാത പിന്തുടർന്നു കൊണ്ട് എല്ലാ  ലക്ഷ്യങ്ങളും പൂർത്തിയാക്കി.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ (BrahMos supersonic cruise missile) വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിജയകരമായ പരീക്ഷണം നടന്നത്. സൂപ്പർസോണിക് യുദ്ധവിമാനമായ സുഖോയ് 30 എംകെ-ഐയിൽ നിന്ന് ആണ് പരീക്ഷണം നടത്തിയത്. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച മിസൈൽ മുൻകൂട്ടി ആസൂത്രണം ചെയ്ത പാത പിന്തുടർന്നു കൊണ്ട് എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി.

ബ്രഹ്മോസ് (BrahMos) വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം. രാജ്യത്തിനകത്ത് ബ്രഹ്മോസ് വ്യോമ മിസൈൽ (air version of the BrahMos supersonic cruise missile) പരമ്പരയുടെ നിർമ്മാണത്തിന് ഇത് വഴിയൊരുക്കും . റാംജെറ്റ് എഞ്ചിന്റെ അവിഭാജ്യ ഘടകമായ പ്രധാന എയർഫ്രെയിം ഉപകരണങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖല തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇവയുടെ ഘടനാപരമായ സമഗ്രതയും പ്രവർത്തന മികവും ഇന്നത്തെ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് 2021 ജൂലൈയിലാണ് അവസാനമായി പരീക്ഷിച്ചത്.

സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വികസനത്തിനും ഉൽപ്പാദനത്തിനും വിപണനത്തിനുമായി ഇന്ത്യയും (ഡിആർഡിഒ) റഷ്യയും (എൻപിഒഎം) ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ശക്തമായ ആക്രമണ ശേഷിയുള്ള മിസൈൽ സംവിധാനമായ ബ്രഹ്മോസ്, നേരത്തെ തന്നെ സായുധ സേനയുടെ ഭാഗമാണ്. വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ വ്യോമസേന, വ്യവസായ മേഖല എന്നിവരെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു.