ദില്ലി: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തില്‍ പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. നിയന്ത്രണരേഖയിൽ പാക് പ്രകോപനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. നിയന്ത്രണരേഖയിൽ സംഘർഷാവസ്ഥ ഉണ്ടാക്കരുതെന്ന് ഇന്ത്യ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചു.

ഈ വർഷം മാത്രം 2711 ലധികം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്നാണ് റിപ്പോർട്ടുകള്‍. പാക് പ്രകോപനത്തിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണ രേഖയില്‍ സമാധാനം നിലനിർത്തുന്നതിനായി 2003 ലെ വെടിനിർത്തൽ കരാര്‍ പാലിക്കാൻ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം, തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. അതില്‍ ഒരാള്‍ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി മേഖലയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ പൊലീസ് പറയുന്നു.  മൂന്ന് ഭീകരരെ വധിച്ച സുരക്ഷേസേന ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. മൂന്ന് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.