Asianet News MalayalamAsianet News Malayalam

ആയുധങ്ങൾ ഇന്ത്യ നിർമിക്കും, ഇറക്കുമതി നിരോധിക്കും, പ്രതിരോധമേഖലയിൽ നിർണായകനീക്കം

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'ആത്മനിർഭർ ഭാരത്' എന്ന വിശാലപദ്ധതിയിലെ നിർണായക ചുവടുവയ്പാകും ഇതെന്നാണ് പ്രതിരോധമന്ത്രി പ്രഖ്യാപിക്കുന്നത്. തത്സമയവിവരങ്ങൾ. 

india to impose embargo for 101 defence products defence minister rajnath singh live updates
Author
New Delhi, First Published Aug 9, 2020, 10:19 AM IST

ദില്ലി: പ്രതിരോധമേഖലയിൽ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിർണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയിൽ വേണ്ട വൻആയുധങ്ങളുൾപ്പടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും. നാല് ലക്ഷം കോടിയുടെ ഉൽപ്പന്നങ്ങൾ രാജ്യത്ത് തന്നെ നിർമിക്കുമെന്നാണ് പ്രഖ്യാപനം. 

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'ആത്മനിർഭർ ഭാരത്' എന്ന വിശാലപദ്ധതിയിലെ നിർണായക ചുവടുവയ്പാകും ഇതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. 

സ്വയംപര്യാപ്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ, 101 പ്രതിരോധവസ്തുക്കൾക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നത്. അവ ഏതൊക്കെ എന്നതിൽ വിശദമായ പട്ടിക കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും. സായുധ പോരാട്ട വാഹനങ്ങൾ, റഡാറുകൾ, അത്യാധുനിക തോക്കുകൾ തുടങ്ങിയവ രാജ്യത്ത് തന്നെ നിർമിക്കാനാണ് ലക്ഷ്യം. 101 വസ്തുക്കളുടെ പട്ടികയിൽ ചുരുക്കം ചിലവയൊഴിച്ച് മറ്റുള്ളവയുടെ എല്ലാം ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം അറിയിക്കുന്നത്. 

ഇതിലൂടെ, സുപ്രധാനപ്രതിരോധവസ്തുക്കളും ആയുധങ്ങളും വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം രാജ്യത്ത് തന്നെ നിർമിക്കാനുള്ള സുവ‍ർണാവസരമാണ് ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കൈവന്നിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കുന്നു. സായുധസേനകളുടെ ആവശ്യങ്ങൾ കൂടി പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. 

ഇതിനായി, സായുധസേനാതലവൻമാരുമായും, പൊതു, സ്വകാര്യകമ്പനികളുമായും ചർച്ച നടത്തി. രാജ്യത്ത് എത്രത്തോളം ഇത്തരം ഉത്പന്നങ്ങളുടെ നിർമാണത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തി. ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ വികസിപ്പിച്ച സാങ്കേതികവിദ്യകൾ കൂടി ഉപയോഗിച്ച് ഇത്തരം വസ്തുക്കൾ നിർമിക്കാം, അതല്ലെങ്കിൽ സ്വയം നിർമാണസാങ്കേതികവിദ്യ വികസിപ്പിക്കാം - പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഏപ്രിൽ 2015 മുതൽ ഓഗസ്റ്റ് 2020 വരെ, ഏതാണ്ട് 260 പദ്ധതികളിലൂടെ മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധസാമഗ്രികളാണ് മൂന്ന് സേനകളും ചേർന്ന് വാങ്ങിയത്. അടുത്ത ആറ് മുതൽ ഏഴ് വർഷങ്ങൾക്കകം, ഇന്ത്യൻ സേനകൾക്ക് ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകൾ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ കരസേനയ്ക്ക് മാത്രം വേണ്ടി വരും. ഒരു ലക്ഷത്തി നാൽപതിനായിരം കോടി രൂപ നാവികസേനയ്ക്ക് വേണ്ടി വരും. ഈ പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രാഹുൽ ഗാന്ധിയടക്കം ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫ്രാൻസുമായുള്ള റഫാൽ ഇടപാടുൾപ്പടെ ചൂണ്ടിക്കാട്ടി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് 'ചൗകീദാർ ചോർ ഹേ' എന്ന് മോദിയ്ക്കെതിരെ രാഹുൽ ഉയർത്തിയ ആരോപണം എൻഡിഎയെ വലിയ പ്രതിരോധത്തിലുമാക്കി. 

2012-ൽ യുപിഎ സർക്കാരിന്‍റെ കാലത്താണ് ഫ്രാൻസിൽ നിന്ന് ഇരട്ട - എഞ്ചിൻ പോർവിമാനമായ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തത്. 126 അത്യാധുനിക റഫാൽ പോർവിമാനങ്ങൾ സേനകൾക്കായി നിർമിക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ 18 വിമാനങ്ങൾ ഫ്രാൻസിലെ ദസോ ഏവിയേഷൻ നിർമിച്ച് നൽകും. പിന്നീട് ഇതിന്‍റെ നിർമാണ സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ ബംഗലൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറും. ഇവർ  108 വിമാനങ്ങൾ നിർമിക്കും. ഇതായിരുന്നു തീരുമാനം. എന്നാൽ എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഇത് നടപ്പായില്ല. 

പിന്നീട് എൻഡിഎ വന്നപ്പോൾ ഈ കരാർ മാറ്റിയെഴുതി. 58,000 കോടി രൂപയുടെ (7.8 ബില്ല്യൺ യൂറോ) 36 വിമാനങ്ങൾ ദസോ ഏവീയേഷനിൽ നിന്ന് വാങ്ങുക എന്നതായിരുന്നു എൻഡിഎ സർക്കാർ രൂപീകരിച്ച കരാർ. കരാറിന്‍റെ പങ്കാളിത്തം എച്ച്എഎല്ലിനെ ഒഴിവാക്കി റിലയൻസ് ഡിഫൻസിന് നൽകി. 

മികച്ച എഞ്ചിനീയർമാരുള്ള ഹിന്ദുസ്ഥാൻ എയറോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് ഈ കരാർ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് നൽകിയതിൽ വലിയ വിവാദമുയർന്നു. ഒരു വിമാനം പോലും നിർമിച്ച് പരിചയമില്ലാത്ത പുതിയ കമ്പനിയെ സുപ്രധാനപ്രതിരോധക്കരാർ എന്തടിസ്ഥാനത്തിലാണ് ഏൽപിക്കുന്നതെന്നും ചോദ്യമുയർന്നു. 

പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ റഫാൽ വിമാനം ഇന്ത്യയിലെത്തിച്ചത് നിർണായകനേട്ടമായി എൻഡിഎ അവതരിപ്പിച്ചു. അപ്പോഴും പ്രതിപക്ഷവും രാഹുൽ ഗാന്ധിയും വിമർശനമുയർത്തി. ഇത് തദ്ദേശീയമായി നിർമിച്ച പോർവിമാനമായിരുന്നെങ്കിൽ, ആഘോഷം അർത്ഥവത്തായേനെ, വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഒരു വിമാനത്തിന്‍റെ പേരിൽ ആഘോഷം നടത്തുന്നത് എന്തിന് എന്നായിരുന്നു രാഹുൽഗാന്ധിയുടെ ചോദ്യം. 

ഇതിനെല്ലാം മറുപടിയായിട്ടുകൂടിയാണ് പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയതെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios