ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യ 20,000 കോടിയിലധികം രൂപയുടെ സൈനിക ഡ്രോണുകള്‍ ആഭ്യന്തര കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ഡ്രോണ്‍ ഇടപാട്, അതിര്‍ത്തിയിലെ സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 'ഫാസ്റ്റ് ട്രാക്ക്' രീതിയിലായിരിക്കും നടപ്പാക്കുക.
ആഗോളതലത്തിലും അതിര്‍ത്തികളിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, വന്‍തോതില്‍ സൈനിക ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഭ്യന്തര കമ്പനികളില്‍ നിന്ന് 20,000 കോടിയിലധികം മൂല്യമുള്ള ഡ്രോണുകള്‍ വാങ്ങാനാണ് രാജ്യം ഒരുങ്ങുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ഇടപാടാണിത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായ കൂട്ടായ്മയായ ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കരാര്‍ ഉറപ്പാക്കിയാല്‍ 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഡ്രോണുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
അടിയന്തര നടപടികളുമായി പ്രതിരോധ മന്ത്രാലയം
അടിയന്തര സൈനിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 'ഫാസ്റ്റ് ട്രാക്ക്' രീതിയിലായിരിക്കും ഈ ഓര്‍ഡറുകള്‍ നല്‍കുക. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനുമായി ഉണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇരുപക്ഷവും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ ആക്രമണ ശേഷി ബോധ്യപ്പെട്ടതോടെയാണ് ഈ മേഖലയില്‍ വേഗത്തിലുള്ള നടപടികള്‍ക്ക് ഇന്ത്യ തുടക്കമിട്ടത്. യുക്രെയ്ന്‍, ഇറാന്‍ സംഘര്‍ഷങ്ങളും ഡ്രോണുകളുടെ പ്രാധാന്യം ആഗോളതലത്തില്‍ വര്‍ധിപ്പിച്ചു. പുതിയ പ്രതിരോധ ഓര്‍ഡറുകളെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിക്കുന്ന ആക്രമണ ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
വിപണിയില്‍ വന്‍ കുതിച്ചുചാട്ടം; സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം
ഇന്ത്യയില്‍ നിലവില്‍ ഡ്രോണുകളും അവയുടെ ഭാഗങ്ങളും നിര്‍മിക്കുന്ന അറൂറിലധികം കമ്പനികളുണ്ട്. ഇതില്‍ നൂറിലധികം കമ്പനികള്‍ പ്രതിരോധ മേഖലയ്ക്കായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിരീക്ഷണം, സാധനങ്ങള്‍ എത്തിക്കല്‍, ശത്രുപാളയത്തില്‍ തങ്ങിനിന്ന് ആക്രമണം നടത്തല്‍ എന്നിവയ്ക്കുള്ള ഡ്രോണുകളും അവയുടെ പ്രധാന ഭാഗങ്ങളുമാണ് ഈ കമ്പനികള്‍ നിര്‍മിക്കുന്നത്. കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം.
പ്രമുഖ വന്‍കിട കമ്പനികള്‍: അദാനി ഗ്രൂപ്പ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ , ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്
ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകള്‍: ഐഡിയഫോര്‍ജ് , ന്യൂസ്‌പേസ് റിസര്‍ച്ച് , ആസ്റ്റീരിയ എയറോസ്‌പേസ്


