ഇന്ത്യയിലെ ബാങ്കിങ്ങ് രംഗം സാങ്കേതികവിദ്യയുടെ വളർച്ചയോടെ ലൈഫ്‌സ്റ്റൈൽ ബാങ്കിങ്ങിലേക്ക് മാറുകയാണ്. പണം ഇടപാടുകൾക്കപ്പുറം ഷോപ്പിംഗ്, യാത്ര, നിക്ഷേപം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ നൽകി ബാങ്കുകൾ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നു. 

ഇന്ത്യയിലെ ബാങ്കിങ്ങ് ട്രെന്‍ഡില്‍ പുതിയ ചുവടുമാറ്റം. ജീവിതശൈലിയ്ക്ക് ആവശ്യമായ രീതിയിലേക്കാണ് ഇന്ത്യക്കാരുടെ ബാങ്കിങ്ങ് ട്രെന്‍ഡും മാറുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഡിജിറ്റലൈസേഷന്റെ വ്യാപനം, ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് മാറുന്ന ബാങ്കിങ്ങ് രീതി തുടങ്ങിയവയാണ് ഇന്ത്യക്കാരുടെ പുതിയ ബാങ്കിങ്ങ് രീതിയായ ലൈഫ്‌സ്റ്റൈല്‍ ബാങ്കിങ്ങിന് പിന്നിലുള്ള കാരണങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരുകാലത്ത് ബാങ്കിങ്ങ് എന്നത് പണം നിക്ഷേപിക്കുക, പിന്‍വലിക്കുക, വായ്പയെടുക്കുക, പണയം ഇടപാടുകള്‍ നടത്തുക എന്നീ അടിസ്ഥാന സാമ്പത്തിക സേവനങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ജനങ്ങളുടെ ദിനചര്യകള്‍ക്കൊപ്പം ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നിക്ഷേപം, സമ്പത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, വിരമിക്കല്‍ പദ്ധതി തുടങ്ങിയവയും ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. നോട്ടുനിരോധനവും ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പ്രോത്സാഹനവും ലൈഫ്‌സ്റ്റൈല്‍ ബാങ്കിങ്ങിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് കേവലം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കപ്പുറം ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഉപയോഗം, നിക്ഷേപങ്ങള്‍, ഷോപ്പിങ്ങ്, യാത്രകള്‍, എന്നിവയെല്ലാം ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് ബാങ്കിങ്ങ് സേവനങ്ങള്‍ വളര്‍ന്നു.

ഡിജിറ്റല്‍ ബാങ്കിംഗിന്റെ വളര്‍ച്ചയാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം. സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും വ്യാപകമായതോടെ ബാങ്കിംഗ് സേവനങ്ങള്‍ ആളുകളുടെ വിരല്‍ത്തുമ്പിലെത്തി. മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, യു.പി.ഐ ഇടപാടുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിലൂടെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കുന്നതും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഇന്ന് ഒരു വ്യക്തിക്ക് ബാങ്കില്‍ നേരിട്ട് പോകാതെ തന്നെ അക്കൗണ്ട് തുറക്കാനും, നിക്ഷേപിക്കാനും, ബില്‍ അടയ്ക്കാനും, ലോണ്‍ അപേക്ഷിക്കാനും സാധിക്കുന്നുണ്ട്.

എന്നാലിപ്പോൾ, ബാങ്കുകൾ വെറും സാമ്പത്തിക സ്ഥാപനങ്ങള്‍ മാത്രമല്ല. ഉപഭോക്താക്കളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട സേവനങ്ങളും അനുഭവങ്ങളും നല്‍കുന്ന ബ്രാന്‍ഡുകളായി ബാങ്കുകള്‍ മാറി. പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, ഷോപ്പിംഗ് ഓഫറുകള്‍, യാത്രാ റിവാര്‍ഡുകള്‍, ഭക്ഷണശാലകളിലെ ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ യുവാക്കളെയും പ്രൊഫഷണലുകളെയും കൂടുതല്‍ ആകര്‍ഷിക്കുന്നു. ബാങ്കുകള്‍ ഉപഭോക്താക്കളുടെ ജീവിതരീതിയെ മനസ്സിലാക്കി അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ രൂപപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ലൈഫ്‌സ്റ്റൈല്‍ ബാങ്കിങ്ങ് ഇന്ത്യക്കാരുടെ ജീവിതത്തെ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്കിങ്ങിനെ ജനകീയമാക്കുന്നതിൽ ആപ്പുകൾക്ക് വളരെ വലിയ പങ്കുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറൽ മാനേജർ & ചീഫ് ഇൻഫർമേഷൻ ഓഫീസർ സോണി എ പറയുന്നു. ഉപഭോക്താക്കള്‍ കേവലം ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ഇപ്പോള്‍ ബാങ്കിങ്ങ് ആപ്പുകള്‍ പ്രയോജനപ്പെടുത്തുന്നത്. മറിച്ച് ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങൾക്കും സമഗ്രമായി ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോൾ കൂടുതലായി വിനിയോഗിക്കപ്പെടുന്നത്. കൂടാതെ ബാങ്കുകളും ഫിൻടെക് കമ്പനികളും തമ്മിലുള്ള ധാരണകളും അതുവഴി ലഭ്യമാകുന്ന ബാങ്കിങ്ങ് സേവനങ്ങളും ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്നുണ്ട്. വിവിധ സേവനങ്ങൾ ഇതുവഴി ആസ്വദിക്കാനും ബാങ്കിങ്ങ് കൂടുതൽ ജനകീയമാകാനും ഇത് സഹായിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.

വിവിധ ഓഫറുകളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ തിരിച്ചടവിന് സാവകാശവും നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളും ബാങ്കുകളുടെ പ്രീമിയം സേവനങ്ങളുമാണ് ലൈഫ്‌സ്റ്റൈല്‍ ബാങ്കിങ്ങിന്റെ വ്യാപനത്തിന് മറ്റൊരു കാരണം. ഇത് കൂടാതെ ഇൻസ്റ്റന്റ് വായ്പകള്‍ ആപ്പുകള്‍ വഴി മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാകുന്നതും അതിന്റെ പേപ്പര്‍ലസ് രീതിയും ജനങ്ങളെ ലൈഫ്‌സ്റ്റൈല്‍ ബാങ്കിങ്ങിലേക്ക് അടുപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ മാറ്റം ചില വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗിന്റെ വളര്‍ച്ചയോടൊപ്പം സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുന്നു. ബാങ്കുകള്‍ ആ വിഭാഗത്തിലാണ് നിലവില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഒ.ടി.പിയും ടു സ്റ്റെപ്പ് വെരിഫിക്കേഷനും യധാസമയത്തുള്ള പിന്‍ ചെയ്ഞ്ചുകളും ബാങ്കുകള്‍ ആപ്പുകളില്‍ നടപ്പാക്കിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൂടുതല്‍ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന ഗവേഷണത്തിലാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍.