കൊച്ചി: സ്റ്റാർ പദവിക്കായി ബാറുടമകളിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ ഇന്ത്യ ടൂറിസം അസി.ഡയറക്ടർ അറസ്റ്റിൽ. മധുരെയിൽ നിന്നാണ് ഇന്ത്യ ടൂറിസം അസി.ഡയറക്ടർ എസ്.രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇന്ത്യാ ടൂറിസം  റീജ്യണല്‍ ഡയറക്ടര്‍  സഞ്ജയ് വാട്സിനെ സിബിഐ തടഞ്ഞു നിർത്തി പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ കോഴ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐക്ക് ലഭിച്ചിരുന്നു. 

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നേടാന്‍  കേരളത്തിലെ ബാറുമടകള്‍ കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കോഴ നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ഇടനിലക്കാരുടെ വീടുകളിലും ഹോട്ടലുകളിലും നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

ബാര്‍ കോഴക്കേസ് കേരളത്തില്‍ വീണ്ടും കത്തിക്കേറി വരുമ്പോൾ ആണ് ബാറുടമകള്‍ ഉള്‍പ്പെട്ട കോഴക്കേസ് സിബിഐ കണ്ടെത്തുന്നത്. ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ്  സംസ്ഥാനത്ത് ബാര്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നൽകുന്നത്. കഴിഞ്ഞ ഒരു മാസമായി ചില ഹോട്ടലുകളുടെ സ്റ്റാര്‍ പദവി പുതുക്കാനും പുതിയ അപേക്ഷകള്‍ അംഗീകരിക്കാനും നടപടികൾ പുരോഗിക്കുകയാണ്. ഇന്ത്യാ ടൂറിസത്തിൻ്റെ ചെന്നൈ റീജയിൺ ഓഫീസാണ് കേരളത്തിലെ ഹോട്ടലുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. 

ഇതിനിടെ ചില ഏജന്‍റുമാര് മുഖേന ബാര്‍ ഉടമകള്‍ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കോഴ നല്കുന്നതായി  സിബിഐ മധുര യൂണിറ്റിന് രഹസ്യവിവരം ലഭിച്ചു. ഇന്ത്യാ ടൂറിസം  റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസി ഡയറക്ടര്‍ സി രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് കോഴ കൈമാറിയത് എന്നായിരുന്നു വിവരം. തുടര്‍ന്ന് ബാറുടകൾ ,ഏജന്‍റുമാര്‍, ഉദ്യോഗസ്ഥർ എന്നിവരെ സിബിഐ നിരീക്ഷിച്ചു വരികയായിരുന്നു.

സഞ്ജയ് വാട്സ് ഇന്നലെ കൊച്ചിയില്‍ എത്തുമെന്ന വിവരം ലഭിച്ചതോടെ സിബിഐ കൊച്ചി യൂണിറ്റിന്‍റെ സഹായത്തോടെ എറണാകുളം ,കൊല്ലം ജില്ലകളിലെ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും റെയ്ഡ് നടത്തി.50 ലക്ഷം രൂപ കണ്ടെടുത്തു. വൈകിട്ട് തിരിച്ചുപോകാന്‍ നെടന്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ജയ് വാട്സിനെ സിബിഐ ഉദ്യോഗസ്ഥര് തടഞ്ഞുനിര്‍ത്തി ഫോണും ലാപ്ടോപും അടക്കം പരിശോധിച്ചു. കോഴകൈമാറ്റം സംബന്ധിച്ച തെളിവുകള്‍ കണ്ടെടുത്ത ശേഷം വിട്ടയച്ചു.

സി രാമകൃഷ്ണന്‍റെ ചെന്നൈ ഫ്ലാറ്റിലും മധുരയിലെ ചില ഏജന്റുമാരുടെ വസതികളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടുലകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് കോഴപ്പണം കൈമാറിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.  കോഴ നല്‍കിയ ബാറുടമകള്‍ ഉള്‍പ്പെടെയുളളവരുടെ  അറസ്റ്റിലേക്ക് താമസിയാതെ സിബിഐ കടക്കും എന്നാണ് സൂചന. സിബിഐയുടെ മധുരെ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.