ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാനുള്ള തന്ത്രവുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വിദേശനിക്ഷേപം സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും മോദി നിർദ്ദേശിച്ചു. 

വ്യവസായ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്  സംസ്ഥാനങ്ങൾ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമ്മല സീതാരാമനും യോഗത്തിൽ പങ്കെടുത്തു. ചൈനീസ് കമ്പനികളുടെ നിക്ഷേപം നിയന്ത്രിക്കാൻ വിദേശനിക്ഷേപ ചട്ടങ്ങളിൽ നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നു. 

കൊവിഡ് 19 വൈറസ് ഉത്ഭവവും വ്യാപനവും തുടങ്ങിയത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ്. വൈറസ് ബാധയെ ഗൗരവത്തോട് കണ്ട് ശക്തമായ നടപടികളെടുക്കാനോ ലോകരാജ്യങ്ങൾക്ക് വേണ്ട മുന്നറിയിപ്പ് നൽകാനോ തുടക്കത്തിൽ ചൈന തയ്യാറായിരുന്നില്ല. രോ​ഗം മൂലം ചൈനയിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്ക് ഇനിയും രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന ആരോപണവുമായി അമേരിക്കയും ഫ്രാൻസും അടക്കമുള്ള ലോകരാജ്യങ്ങൾ നേരത്തെ വന്നിരുന്നു. 

ചൈനയിലുണ്ടായ കൊവിഡ് വ്യാപനം അവിടെ ആസ്ഥാനമാക്കി പ്രവ‍ർത്തിച്ചിരുന്ന പല വിദേശകമ്പനികളുടേയും പ്രവ‍ർത്തനം താറുമാറായിരുന്നു. ഈ സാഹചര്യത്തിൽ ചൈനയുടെ മേലുള്ള അമിത ആശ്രയത്വം ഒഴിവാക്കി ഇന്ത്യ, വിയ്റ്റാനം തുടങ്ങിയ ഇതര ഏഷ്യൻ രാജ്യങ്ങളിലേക്ക് പ്രവ‍ർത്തനം കേന്ദ്രീകരിക്കാൻ പല കമ്പനികളും ആലോചിക്കുന്നുണ്ട് ഈ സാഹചര്യം മുതലാക്കാനാണ് കേന്ദ്രസർക്ക‍ാ‍ർ ലക്ഷ്യമിടുന്നത്.