പാറ്റ്‍ന: ബീഹാറിലെ ഫലത്തിനായി രാഷ്ട്രീയ ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുകയാണ്. തൂക്ക് നിയമസഭയെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇരുചേരിയും ആലോചന തുടങ്ങി. കുതിരകച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം ബിജെപി തള്ളി. ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോൾ ഏവരും കരുതിയത് നിതീഷ് കുമാറിന് തുടര്‍ച്ചയായ നാലാം ഭരണം എന്നാണ്. എന്നാൽ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതൽ മുന്നേറുന്നതിന്‍റെ കാഴ്ചകൾ പുറത്തുവന്നതോടെ സ്ഥിതി മാറി. 

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ നരന്ദ്ര മോദിയുടെ ചിത്രങ്ങൾ മാത്രമുള്ള ബോര്‍ഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. ചില എക്സിറ്റ്പോളുകൾ നൽകുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാൽ പ്രതിപക്ഷ ചേരിക്ക് അത് വൻ ഊര്‍ജ്ജം പകരും. ബീഹാറിൽ പിടിച്ചുനിന്നാൽ ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങൾ മറികടക്കാനുള്ള അവസരമാകും എൻഡിഎക്ക്. തൂക്കു നിയമസഭയെങ്കിൽ എംഎൽഎമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ പ്രതിപക്ഷത്ത് തുടങ്ങിയിട്ടുണ്ട്.

കടുത്ത മത്സരമെങ്കിൽ ചിരാഗ് പസ്വാനെയും ചെറിയ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങൾ ബിജെപിയും തുടങ്ങികഴിഞ്ഞു. മഹാരാഷ്ട്രയിൽ ഭരണം നഷ്ടമായി. ഝാർഖണ്ടിലും ദില്ലിയിലും വിജയിക്കാനായില്ല. അതിനു പിന്നാലെ ബീഹാറും നഷ്ടമായാൽ ബിജെപിക്കും നരേന്ദ്രമോദിക്കും അത് രാഷ്ട്രീയ തിരിച്ചടിയാകും.