ഇന്ത്യ നിശബ്ദമായി മധ്യസ്ഥ നീക്കങ്ങളിൽ പങ്കുവഹിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യത്തിൽ സഹകരണത്തിന് നന്ദി അറിയിച്ചിരിക്കുന്നത്
മോസ്കോ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നൽകുന്ന സഹകരണത്തിന് നന്ദിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഓഫീസ്. വെള്ളിയാഴ്ച ഈ വിഷയം പുടിനും നരേന്ദ്ര മോദിയും ചർച്ച ചെയ്യുമെന്നും റഷ്യ സ്ഥിരീകരിച്ചു. ഇതിനിടെ സൗദി അറേബ്യക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഫോൺ കോൾ. പിന്നാലെ മോസ്കോയിലെത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കണ്ടു. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ മോദി-പുടിൻ കൂടിക്കാഴ്ച നടന്നു. അവസാനമില്ലാത്ത യുദ്ധങ്ങൾ പരിഹരിക്കണമെന്നാണ് കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടത്. ഇതിനോട് പുടിൻ അനുകൂലമായി പ്രതികരിച്ചു. പിന്നീട് എസ് ജയശങ്കർ ഉക്രെയ്നിലെത്തി പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയെ കണ്ടു. പിന്നാലെയാണ് അമേരിക്കൻ പ്രതിനിധികൾ റഷ്യയിലും യുക്രെയിനിലും എത്തി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങിയത്.
ഇന്ത്യ നിശബ്ദമായി മധ്യസ്ഥ നീക്കങ്ങളിൽ പങ്കുവഹിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് ഇക്കാര്യത്തിൽ സഹകരണത്തിന് നന്ദി അറിയിച്ചിരിക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്കായി വ്ലാഡിമിർ പുടിൻ വെള്ളിയാഴ്ച എത്തുമ്പോൾ ഇക്കാര്യത്തിലുള്ള ചില കൂടിയാലോചനകൾ ദില്ലിയിലും നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ സംഘർഷവും ബ്രിക്സ് അംഗീകരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിലും ഇടംപിടിക്കും.
ബ്രിക്സ് അംഗരാജ്യമായ സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെ തള്ളി ഇന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. സിവിലിയൻ മേഖലകൾക്കും റിഫൈനറികൾക്കും നേരെയുള്ള നീക്കം അംഗീകരിക്കാനാകില്ല. ബാബ് എൽ ബൻഡേബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെയും മേഖലയുടെ സുരക്ഷയെയും ഇത് ബാധിക്കുമെന്നും ഇന്ത്യയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിൽ നിന്ന് ബ്രിക്സ് ഉച്ചകോടിയിൽ ആര് പങ്കെടുക്കും എന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഈ പ്രസ്താവന.


