ദില്ലിയിലെ പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാകിസ്ഥാൻ ദിനാചരണച്ചടങ്ങിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന വിരുന്നിൽ നിന്നാണ് ഇന്ത്യ വിട്ടു നിൽക്കുക.

ദില്ലി: പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ അഞ്ച് വ‍ർഷവും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നെങ്കിലും വിട്ടു നിൽക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം കടുത്ത നടപടികളാണ് ഇന്ത്യ ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ സ്വീകരിച്ചിരുന്നത്. യാസീൻ മാലിക്ക് അടക്കമുള്ളവരെ കരുതൽ തടങ്കലിലാക്കിയ സുരക്ഷാ സേന മിക്ക വിഘടനവാദി നേതാക്കളുടെയും സുരക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ ലാഹോർ ഉടമ്പടിയുടെ സ്മരണയിൽ നാളെ, അതായത് മാർച്ച് 23-നാണ് പാകിസ്ഥാൻ പാക് ദേശീയ ദിനം ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പാക് ഹൈക്കമ്മീഷൻ ആസ്ഥാനത്ത് തലേന്ന് വിരുന്നും, ദേശീയ ദിനത്തിൽ ആഘോഷപരിപാടികളും നടക്കും. 

ലണ്ടനിൽ നടന്ന ഒരു സെമിനാറിൽ ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, യാസീൻ മാലിക്, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരെ പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി ഒരുമിച്ച് ക്ഷണിച്ചതിനെതിരെയും ഇന്ത്യക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകൾ നടക്കുന്നതിന് മുമ്പ് ഹുറിയത്ത് നേതാക്കളുമായി പാകിസ്ഥാൻ ചർച്ച നടത്തിയതിനെത്തുടർന്ന് ഇതിന് മുമ്പ് രണ്ട് തവണ നയതന്ത്രചർച്ചകൾ തന്നെ റദ്ദാക്കപ്പെട്ടിരുന്നു.